Donald Trump: ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്‌ത് തെറ്റിദ്ധരിപ്പിച്ചു; ബിബിസി തലപ്പത്ത് രാജി
Trump Documentary Edit Controversy: രാജി തീരുമാനം സ്വന്തം തീരുമാനപ്രകാരമായിരുന്നുവെന്നും ടിം ഡേവി വ്യക്തമാക്കി. കൂടാതെ പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസിയുടെ ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തെ തുടർന്ന് ബിബിസി തലപ്പത്ത് രാജി. ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസുമാണ് രാജി വച്ചത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു. ഇത് ബിബിസിയെ സംബന്ധിച്ച് സങ്കടം നിറഞ്ഞ ദിവസമാണെന്ന് ചെയർമാൻ സമിർ ഷാ പ്രതികരിച്ചു.
20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. രാജി തീരുമാനം സ്വന്തം തീരുമാനപ്രകാരമായിരുന്നുവെന്നും ടിം ഡേവി വ്യക്തമാക്കി. കൂടാതെ പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസിയുടെ ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഇത് പൂർണ്ണമായും എന്റെ തീരുമാനമാണ്. എന്റെ മുഴുവൻ കാലാവധിയിലും, കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ, നൽകിയ പിന്തുണയ്ക്ക് ചെയറിനും ബോർഡിനും വളരെയധികം നന്ദി. ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകൾ സംഭവിച്ചു. ഡയറക്ടർ ജനറൽ നിലയിൽ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’, ഡേവി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ വർഷം ബിബിസിക്കു വേണ്ടി ഒക്ടോബർ ഫിലിംസ് ലിമിറ്റഡ് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ്? എന്ന ഡോക്യുമെന്ററിയെ കുറിച്ചായിരുന്നു വിവാദം. ബിബിസി പനോരമ ഡോക്യുമെന്ററി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് വിമർശനം. ട്രംപിൻ്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് ഒന്നാക്കി, 2021 ജനുവരിയിലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന തരത്തിൽ എഡിറ്റ് ചെയ്തുവെന്നാണ് വാർത്ത.