Viral Video: മദ്യപിച്ച് റെസ്റ്റോറൻ്റിലെത്തി, മക്കൾ സൂപ്പിൽ മൂത്രമൊഴിച്ചു; 2.71 കോടി രൂപ മാതാപിതാക്കള്‍ക്ക് പിഴ വിധിച്ച് കോടതി
Drunk Teens Urinate in Soup: ഡൈനിങ് റൂമിലെത്തിയ ഇവർ ഭക്ഷണം നിരത്തി വച്ചിരിക്കുന്ന ടേബിളിന് മുകളിലേക്ക് കയറി സൂപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
മദ്യപിച്ച് ലക്കുകെട്ട മക്കൾ റസ്റ്റൊറന്റിൽ വെച്ച് സൂപ്പിൽ മൂത്രമൊഴിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ടരക്കോടി രൂപയിലേറെ പിഴയാണ് കോടതി വിധിച്ചത്. ഇവരുടെ മാതാപിതാക്കളാണ് പിഴ നൽകേണ്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
2024 ഫെബ്രുവരി 24നായിരുന്നു സംഭവം നടന്നത്. 17കാരായ വു വും താങുമാണ് ഷാങ്ഹായിലെ പ്രസിദ്ധമായ ഹയ്ഡിലാവോ ഹോട്പോട് റസ്റ്റൊറന്‍റിലെത്തി സൂപ്പില്‍ മൂത്രമൊഴിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ ഡൈനിങ് റൂമിലെത്തിയ ഇവർ ഭക്ഷണം നിരത്തി വച്ചിരിക്കുന്ന ടേബിളിന് മുകളിലേക്ക് കയറി സൂപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയത്.
നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം നടന്ന വിവരം തങ്ങള്‍ അറിഞ്ഞതെന്നാണ് റെസ്റ്ററന്റ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ സൂപ്പ് റസ്റ്റൊറന്‍റിലെത്തിയവരിൽ ആരെങ്കിലും കുടിച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതോടെ സംഭവ ദിവസം മുതല്‍ മാര്‍ച്ച് എട്ടുവരെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച 4000ത്തിലേറെപ്പേര്‍ക്ക് ഹോട്ടലധികൃതര്‍ വന്‍തുക നഷ്ടപരിഹാരവും നല്‍കേണ്ടി വന്നു.
Also Read:നഴ്‌സിന്റെ മാറിടത്തിൽ പിടിച്ചു, വസ്ത്രം വലിച്ചൂരി; ഇന്ത്യൻ ഡോക്ടർക്ക് യുകെയിൽ ജയിൽ ശിക്ഷ
ഈ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാനെത്തിയവരിൽ പലർക്കും ബില്‍തുക പൂര്‍ണമായും റീ ഫണ്ട് ചെയ്യുകയോ, ബില്‍ തുകയെക്കാള്‍ പത്തിരട്ടി പണം നല്‍കുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ അന്നേ ദിവസം ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ എല്ലാം നശിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.
ഇവരുടെ ഈ പ്രവർത്തി കാരണം വൻ സാമ്പത്തിക നഷ്ടമാണ് ഹോട്ടലധികൃതര്‍ക്കുണ്ടായത്. ബില്‍ തുകയ്ക്കപ്പുറമായി ഹോട്ടലുടമകള്‍ നഷ്ടപരിഹാരം നല്‍കിയതിന് ചെലവായത് കൗമാരക്കാരില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കള്‍ മക്കളെ നേരായ രീതിയില്‍ വളര്‍ത്താതിരുന്നതാണ് ഇത്തരമൊരു മോശം പ്രവർത്തിയിലേക്ക് നയിച്ചതെന്നും അതുകൊണ്ട് പണം മാതാപിതാക്കള്‍ തന്നെ അടയ്ക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു.