Cyclone Alfred: ‘ആല്‍ഫ്രഡ് ചുഴലിക്കാറ്റ്’ തീവ്രത കുറഞ്ഞെങ്കിലും ഭീഷണി ഒഴിയുന്നില്ല; വെള്ളപൊക്ക സാധ്യത, വൈദ്യുതിയുമില്ല; ഓസ്‌ട്രേലിയ ജാഗ്രതയില്‍
Cyclone Alfred Australia Update: തെക്കുകിഴക്കൻ ക്വീൻസ്‌ലാന്റിലെ നദിപ്രദേശത്ത് താമസിക്കുന്ന നിരവധി പേര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിസ്‌ബേൻ, ഗോൾഡ് കോസ്റ്റ്, ലോഗൻ, ഇപ്‌സ്‌വിച്ച്, ലോക്യർ വാലി പ്രദേശങ്ങളിലും അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മറ്റിടങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം

തീവ്രത കുറഞ്ഞെങ്കിലും ‘ആല്‍ഫ്രഡ് ചുഴലിക്കാറ്റ്’ വരുത്തിയ ആഘാതം ഓസ്‌ട്രേലിയയെ വിട്ടൊഴിയുന്നില്ല. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ചുഴലിക്കാറ്റില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മഴ, ശക്തമായ കാറ്റ് എന്നിവ മൂലം ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലും വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്ക സാധ്യതയും ശക്തമാണ്. ന്യൂ സൗത്ത് വെയിൽസിൽ 11 സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ കാറ്റഗറി രണ്ടിലായിരുന്ന ചുഴലിക്കാറ്റ് മോറെട്ടൺ ദ്വീപിൽ കരകയറിയതോടെ കാറ്റഗറി 1 ആയി മാറുകയായിരുന്നു. ഞായറാഴ്ച ബ്രിസ്ബേനിനടുത്തെത്തിയപ്പോൾ തീവ്രത കുറഞ്ഞു. തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലും 316,540-ലധികം പേർക്ക് വൈദ്യുതിയില്ല എന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ആന്റണി അൽബനീസ് ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിതരായ മുതിർന്നവർക്ക് 1,000 ഡോളറും കുട്ടികൾക്ക് 400 ഡോളറും നല്‍കും. ക്വീൻസ്‌ലാൻഡില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.




തെക്കുകിഴക്കൻ ക്വീൻസ്‌ലാന്റിലെ നദിപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിസ്‌ബേൻ, ഗോൾഡ് കോസ്റ്റ്, ലോഗൻ, ഇപ്‌സ്‌വിച്ച്, ലോക്യർ വാലി പ്രദേശങ്ങളിലെ വൃഷ്ടിപ്രദേശങ്ങളിലും അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മറ്റിടങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം.
2011 ലും 2022 ലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളപ്പൊക്കമുണ്ടായ ലോക്യർ താഴ്‌വരയിലെ ലെയ്‌ഡ്‌ലി പട്ടണത്തില്‍ ശനിയാഴ്ച രാത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 15 വർഷത്തിനിടെ നാല് തവണ വെള്ളപ്പൊക്ക ഭീഷണി നേരിട്ട സ്ഥലമാണ് ബ്രിസ്‌ബേണ്‍.
വടക്കൻ ന്യൂ സൗത്ത് വെയിൽസിൽ വെള്ളക്കെട്ടിലൂടെ വാഹനമോടിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തിൽ ഏകദേശം 1,800 പേർ ഒറ്റപ്പെട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ 20,300 പേരെ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ലിസ്മോർ പോലുള്ള സ്ഥലങ്ങളിലെ ചില താമസക്കാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവാദം നൽകി.