AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariff Threat: മരുന്നുകള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്‌; ഇന്ത്യന്‍ കയറ്റുമതിക്കും ബാധകം

Trump Announces 100% Tariff on Medicines: അമേരിക്കയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുള്ള കമ്പനികള്‍ക്ക് ഈ താരിഫ് ബാധകമായിരിക്കില്ല. നിര്‍മ്മാണം നടക്കുന്നു, അല്ലെങ്കില്‍ നിര്‍മ്മാണത്തിലാണെന്ന് അവര്‍ക്ക് വ്യക്തമാക്കാം. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി, ട്രംപ് പറഞ്ഞു.

Donald Trump Tariff Threat: മരുന്നുകള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്‌; ഇന്ത്യന്‍ കയറ്റുമതിക്കും ബാധകം
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 26 Sep 2025 07:08 AM

വാഷിങ്ടണ്‍: മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രാന്‍ഡഡ്, പേറ്റന്റ് നേടിയ മരുന്നുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയേയും ഇത് സാരമായി ബാധിക്കാനാണ് സാധ്യത.

കമ്പനികള്‍ അമേരിക്കയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ ഏതെങ്കിലും ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് നേടിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.

അമേരിക്കയില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുള്ള കമ്പനികള്‍ക്ക് ഈ താരിഫ് ബാധകമായിരിക്കില്ല. നിര്‍മ്മാണം നടക്കുന്നു, അല്ലെങ്കില്‍ നിര്‍മ്മാണത്തിലാണെന്ന് അവര്‍ക്ക് വ്യക്തമാക്കാം. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി, ട്രംപ് പറഞ്ഞു.

അതേസമയം, നേരത്തെ ട്രംപ് അടുക്കളകളിലേക്ക് ആവശ്യമായതും ബാത്ത്‌റൂമുകളിലേക്ക് ആവശ്യമായതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫും, ഉയര്‍ന്ന തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും, ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനം തീരുവയും ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

Also Read: Donald Trump: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ട്രംപിന് താല്‍പര്യമില്ല; യുഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്നുകളാണ് രാജ്യത്ത് നിന്ന് കയറ്റിയയച്ചത്. ഇതില്‍ 31 ശതമാനം അല്ലെങ്കില്‍ 8.7 ബില്യണ്‍ ഡോളര്‍ മരുന്നുകളും അമേരിക്കയിലേക്കാണ് എത്തിയതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎസില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45 ശതമാനത്തിലധികവും ബയോസിമിലര്‍ മരുന്നുകളുടെ 15 ശതമാനത്തിലധികവും ഇന്ത്യയില്‍ നിന്നെത്തുന്നതാണ്. ഇന്ത്യയിലെ വിവിധ പ്രമുഖ കമ്പനികള്‍ അമേരിക്കയില്‍ നിന്നാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നതും.