AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ അമേരിക്ക, നിര്‍ദ്ദേശിച്ച് ട്രംപ്‌

US Nuclear Weapons Testing: ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ യുഎസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി. മറ്റ് രാജ്യങ്ങള്‍ പരീക്ഷണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം

Donald Trump: ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ അമേരിക്ക, നിര്‍ദ്ദേശിച്ച് ട്രംപ്‌
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 31 Oct 2025 07:28 AM

വാഷിങ്ടണ്‍: ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ യുഎസ് ഒരുങ്ങുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് നിര്‍ദ്ദേശം നല്‍കിയത്. റഷ്യ ആണവ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ നീക്കം. മറ്റ് രാജ്യങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിനാല്‍ ‘തുല്യ അടിസ്ഥാന’ത്തില്‍ പരീക്ഷണം നടത്താന്‍ വാര്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് നിര്‍ദ്ദേശിച്ചെന്ന് ട്രംപ് വെളിപ്പെടുത്തി. ദക്ഷിണ കൊറിയയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ യുഎസിനുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. റഷ്യ രണ്ടാമതും ചൈന മൂന്നാമതുമാണ്. മറ്റുള്ളവരും പരീക്ഷണം നടത്തുന്നതിനാല്‍ തങ്ങളും അത് ചെയ്യുന്നത് ഉചിതമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ആണവ പദ്ധതിയുണ്ടാകുമെന്നാണ് ട്രംപിന്റെ നിരീക്ഷണം.

1992 മുതൽ യുഎസ് ആണവ പരീക്ഷണം നടത്തിയിട്ടില്ല. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നയത്തില്‍ നിന്ന് യുഎസ് പിന്നാക്കം പോകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പുതിയ നിര്‍ദ്ദേശം. ഈ നൂറ്റാണ്ടിൽ ഉത്തരകൊറിയ ഒഴികെയുള്ള ഒരു രാജ്യവും ആണവ പരീക്ഷണ സ്ഫോടനം നടത്തിയിട്ടില്ലെന്നാണ്‌ ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ (എസിഎ) കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read: ഒടുവില്‍ റഷ്യ അത് ചെയ്തു, ലോകത്ത് ആരും ചെയ്യാത്ത മിസൈല്‍ പരീക്ഷണം

പോസിഡോൺ, ബ്യൂറെവെസ്റ്റ്‌നിക് എന്നിവയാണ് റഷ്യ അടുത്തിടെ പരീക്ഷിച്ചത്. എന്നാല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെന്ന് റഷ്യ പറയുന്നു. ആണവ ശേഷിയുള്ള ക്രൂയിസ് മിസൈലാണ്‌ ബ്യൂറെവെസ്റ്റ്‌നിക്. പോസിഡോൺ ഒരു അണ്ടര്‍വാട്ടര്‍ ഡ്രോണാണ്.

പോസിഡോണിന്റെയും ബ്യൂറെവെസ്റ്റ്‌നിക്കിന്റെയും പരീക്ഷണങ്ങളെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന് കൃത്യമായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞിരുന്നു. ഇതിനെ ഒരു തരത്തിലും ആണവ പരീക്ഷണമായി വ്യാഖ്യാനിക്കാനാകില്ലെന്നും ദിമിത്രി പെസ്കോവ് വ്യക്തമാക്കി.