AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: എങ്ങനെയും റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കണം; നിലവിലെ സമാധാന പദ്ധതി ‘അന്തിമ ഓഫറ’ല്ല

US peace plan: റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവച്ച സമാധാന പദ്ധതി കീവിനുള്ള 'അന്തിമ ഓഫറ'ല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ട്രംപ്

Donald Trump: എങ്ങനെയും റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കണം; നിലവിലെ സമാധാന പദ്ധതി ‘അന്തിമ ഓഫറ’ല്ല
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Nov 2025 | 07:02 AM

വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവച്ച സമാധാന പദ്ധതി കീവിനുള്ള ‘അന്തിമ ഓഫറ’ല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്നും, അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു. യുക്രൈനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ കരട് നിര്‍ദ്ദേശത്തില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യൂറോപ്പ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളാണ് പരിഷ്‌കാരം ആവശ്യപ്പെട്ടത്.

ട്രംപിന്റെ ’28 പോയിന്റ് പ്ലാന്‍’ സമാധാനത്തിന് അത്യാന്താപേക്ഷിതമാണെന്നും, എന്നാല്‍ യുക്രൈന്റെ അതിര്‍ത്തികളുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരുമെന്നുമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടിയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും സമാന അഭിപ്രായമാണുള്ളത്.

കാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്‌സ്, സ്‌പെയിൻ, യുകെ, ജർമ്മനി, നോർവേ എന്നീ രാജ്യങ്ങളിലെ നേതാക്കളും രണ്ട് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരും ഈ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

Also Read: Donald Trump-Zohran Mamdani: ‘അദ്ദേഹത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കും’; മംദാനിയെ വരവേറ്റ് ട്രംപ്‌

നിലവിലെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രൈന്‍ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ജനീവയിൽ യോഗം ചേരും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പവൽ യുകെയെ പ്രതിനിധീകരിക്കും.

യുഎസിന്റെ പദ്ധതി റഷ്യയ്ക്ക് അനുകൂലമായതാണ് എന്നാണ് യുക്രൈനിന്റെ വിമര്‍ശനം. പദ്ധതി അംഗീകരിക്കാന്‍ യുക്രൈന് മേല്‍ സമ്മര്‍ദ്ദമുണ്ട്. രാജ്യം ദുഷ്‌കരമായ നിമിഷങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രതികരണം അറിയിക്കാന്‍ യുഎസ് യുക്രൈന് നവംബര്‍ 27 വരെ സമയം അനുവദിച്ചിട്ടുണ്ട്. യുഎസ് മുന്നോട്ടുവച്ച പദ്ധതിയെ ‘ഒത്തുതീര്‍പ്പിനുള്ള അടിസ്ഥാനം’ എന്നാണ്‌ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിശേഷിപ്പിച്ചത്.