Donald Trump: 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കും, ഭീഷണി തുടര്‍ന്ന് ട്രംപ്
Donald Trump tariff announcement: ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ല. ഇന്ത്യ യുഎസുമായി ധാരാളം ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ടാണ് 25 ശതമാനം തീരുവ എന്ന തീരുമാനത്തിലെത്തിയതെന്നും ട്രംപ്
വാഷിങ്ടണ്‍: അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ പ്രകോപിതനായായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് 24 മണിക്കൂറിനുള്ളില്‍ താരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞത്. സിഎൻബിസിയോട് സംസാരിക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ഉൽപ്പന്നങ്ങൾക്ക് ലോകത്ത് ഏറ്റവും ഉയർന്ന താരിഫ് ഇന്ത്യയ്ക്കാണെന്ന നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ല. ഇന്ത്യ യുഎസുമായി ധാരാളം ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ടാണ് 25 ശതമാനം തീരുവ എന്ന തീരുമാനത്തിലെത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അത് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
അവര്‍ റഷ്യന്‍ എണ്ണ വാങ്ങി, യുദ്ധത്തിന് ശക്തി പകരുകയാണ്. അവര്‍ അങ്ങനെ ചെയ്താല്‍ തനിക്ക് സന്തോഷത്തോടെ ഇരിക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെ ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ ഭീഷണിയെ റഷ്യ വിമര്‍ശിച്ചിരുന്നു. തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്കെതിരായ പ്രസ്താവനകള്‍ തങ്ങള്‍ക്കെതിരായ ഭീഷണിയായി കാണുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
🇺🇸❗🇮🇳 President Trump says he will raise tariffs on India “substantially” over the next 24 hours. pic.twitter.com/6nGF9H7Zou
— Molo44 🇮🇹🇺🇦 (@MoloWarMonitor) August 5, 2025
ട്രംപിന്റെ ഭീഷണികള്‍ യുക്തിരഹിതവും ന്യായീകരിക്കാനാകത്തതുമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്താവിന് താങ്ങാനാവുന്നതുമായ ഊർജ്ജ ചെലവ് ഉറപ്പാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണിയിലെ സാഹചര്യങ്ങള്‍ പ്രകാരം അത് അനിവാര്യമാണ്. ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ടെന്നും കേന്ദ്രം വിമര്‍ശിച്ചിരുന്നു.