Hiroshima day: എന്റെ കൈകളിൽ ചോരക്കറയുണ്ട് …. ഹിരോഷിമയിൽ വീണ അണുബോബ് നിർമ്മിച്ച ശാസ്ത്രജ്ഞന് പിന്നെന്ത് സംഭവിച്ചു
J. Robert Oppenheimer's Post-Hiroshima Life: ഒരു രാജ്യത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ മഹാനായ എന്നാൽ പാപിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയുടെ വേഷമണിയിച്ച് ഭരണകൂടം ഒറ്റപ്പെടുത്തി. ഓപ്പൺഹൈമർ മാത്രമല്ല പലശാസ്ത്രജ്ഞരും ഈ ദുരന്തത്തിലൂടെ കടന്നുപോയി.
കൊച്ചി: ലോക ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണ് ഹിരോഷിമയിലേയും നാഗസാക്കിയിലേയും ബോംബാക്രമണങ്ങൾ. ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമയിലും ഓഗസ്റ്റ് ഒമ്പതാം തീയതി നാഗസാക്കിയിലും ലിറ്റിൽ ബോയ് എന്നും ഫാറ്റ്മാൻ എന്നും വിളിപ്പേരുള്ള രണ്ട് അണുബോംബുകൾ വർഷിക്കപ്പെട്ടപ്പോൾ ജപ്പാന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രം മാറ്റി എഴുതപ്പെടുകയായിരുന്നു. യുദ്ധതന്ത്രങ്ങളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർക്കപ്പെട്ടു അണുബോംബ്.
അണുബോംബ് വീണതും തുടർന്നങ്ങോട്ട് ജപ്പാൻ അനുഭവിച്ച നരകയാതനകളും നാമെല്ലാം ചെറിയ ക്ലാസുകളിൽ മുതൽ പഠിച്ചു വരുന്നതാണ്. എന്നാൽ ആ ബോംബ് ആരുണ്ടാക്കി. അയാൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് നമ്മൾ ആരും പലപ്പോഴും ചിന്തിക്കാറില്ല. ജെ റോബർട്ട് ഓപ്പൺഹൈമർ ആയിരുന്നു ഈ പദ്ധതിയുടെ തലവൻ. മാൻഹട്ടൻ പ്രൊജക്റ്റ് എന്ന രഹസ്യ പദ്ധതിയുടെ പിന്നിൽ അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൻ കാനഡ എന്നീ രാജ്യങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു.
മാൻഹട്ടൻ പ്രോജക്ടും ബോംബ് നിർമ്മാണവും
നാസി ജർമ്മനി ആണവായുധം നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റോസ് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയതോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ആദ്യം ഒരു മത്സരമായെങ്കിലും പിന്നീട് അത് ഒരു വലിയ അപകടത്തിലേക്ക് ആണ് എത്തിച്ചത്. ന്യൂ മെക്സിക്കോയിലെ ലോസ് അലാമോസ് ലബോറട്ടറിയുടെ ഡയറക്ടറായി ജെ റോബർട്ട് ഓപ്പൺ ഹൈമറിനെ തിരഞ്ഞെടുത്തു. അദ്ദേഹം ആയിരക്കണക്കിന് ശാസ്ത്രജ്ഞരും എൻജിനീയർമാരും അടങ്ങുന്ന ടീമിനെ നയിച്ചു. ഒടുവിൽ ആ രണ്ട് ആറ്റം ബോംബുകളും പിറന്നു വീണു.
ഹിരോഷിമയ്ക്ക് ശേഷം
മണൽത്തരികളെ പോലെ ചിതറിത്തെറിച്ച ആറ്റങ്ങളെ മെരുക്കിയെടുത്ത മാന്ത്രികന് ഹിരോഷിമയിലെയും നാഗസാക്കി ദുരന്തത്തെ അത്രവേഗം ഉൾക്കൊള്ളാൻ ആയില്ല. ന്യൂ മെക്സിക്കോയിലെ വിജനമായ മരുഭൂമിയിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യത്തിന്റെ ചുക്കാൻ പിടിച്ചപ്പോഴും അദ്ദേഹത്തിന് ഭയം ഉണ്ടായിരുന്നില്ല ജിജ്ഞാസ ആയിരുന്നു. എന്നാൽ ഒടുവിൽ സ്വപ്നം യാഥാർത്ഥ്യമാക്കിയപ്പോൾ എന്റെ കൈകളിൽ ചോര കറയുണ്ട് എന്ന് പരിതപിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തി.
Also read – മേഘം പൊട്ടി ഒലിച്ചു വന്നപോലെ…. ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിന്റെ ദൃശ്യങ്ങൾ…
പ്രസിഡന്റ് ട്രൂമാനോടാണ് അദ്ദേഹം തന്റെ ദുഃഖം പങ്കുവെച്ചത്. അത് ട്രൂമാനെ ചൊടിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് മനുഷ്യർ ഒരു നിമിഷം കൊണ്ട് വെണ്ണീർ ആയപ്പോൾ ഓപ്പൺ ഹൈമർ തന്റെ ശാസ്ത്രജ്ഞ കുപ്പായം അഴിച്ചുവെച്ചു. താൻ കണ്ടുപിടിച്ച ആയുധം വരുത്തിയ നാശം അദ്ദേഹത്തെ വേട്ടയാടി. ബോംബിനെ എതിർത്ത അദ്ദേഹം അതിനേക്കാൾ ഭീകരമായ ഹൈഡ്രജൻ ബോംബിന്റെ നിർമാണത്തെയും ശക്തമായ എതിർത്തു. ഇത് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ പ്രകോപിപ്പിച്ചു.
അദ്ദേഹത്തിന്റെ പഴയ കമ്മ്യൂണിസ്റ്റ് ബന്ധങ്ങൾ ഈ എതിർപ്പുകൾക്ക് മൂർച്ചകൂട്ടി. ഒടുവിൽ 1954 അദ്ദേഹത്തിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. അങ്ങനെ ഒരു രാജ്യത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ മഹാനായ എന്നാൽ പാപിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയുടെ വേഷമണിയിച്ച് ഭരണകൂടം ഒറ്റപ്പെടുത്തി.
ഓപ്പൺഹൈമർ മാത്രമല്ല പലശാസ്ത്രജ്ഞരും ഈ ദുരന്തത്തിലൂടെ കടന്നുപോയി. യുദ്ധശേഷം അദ്ദേഹം ആണവായുധങ്ങളുടെ ഭവിഷ്യത്തുകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ജീവിതമുഴിഞ്ഞുവച്ചു. ഓപ്പൺഹൈമറിന്റെ ജീവിതം അദ്ദേഹത്തിന് ശേഷം നീതി ലഭിച്ച ഒരു കഥയാണ്.
അതൊരു ശാസ്ത്രജ്ഞന്റെ ധാർമിക ഉത്തരവാദിത്വത്തെയും ശാസ്ത്രം രാഷ്ട്രീയത്തിന്റെ കൈകളിൽ വരുമ്പോൾ സംഭവിക്കാവുന്ന ദുരന്തങ്ങളെയും ഓർമിപ്പിക്കുന്ന കഥയായി ഇന്നും നാളെയും ഇവിടെ തന്നെ ഉണ്ടാകും. ഓരോ ഹിരോഷിമ ദിനവും കടന്നു പോകുമ്പോൾ നാം ഓർമിക്കേണ്ടതും ശാസ്ത്രം രാഷ്ട്രീയത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് തന്നെയാണ്.