India – US Trade Deal: ഇന്ത്യൻ കയറ്റുമതിക്ക് 20-25% തീരുവ? വ്യാപാര കരാർ അന്തിമമായിട്ടില്ലെന്ന് ട്രംപ്
India - US Trade Deal: പരസ്പര താരിഫ് സമയപരിധിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ, ട്രംപിന്റെ പരാമർശങ്ങൾ നിർണായകമാവുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ച വളരെ നന്നായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഞായറാഴ്ച പറഞ്ഞിരുന്നു.
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഓഗസ്റ്റ് 1 ന് പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള സമയപരിധി അവസാനിക്കുന്നതിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. ചർച്ചകൾ തുടരുകയാണെന്നും ധാരണയിലെത്തിയില്ലെങ്കിൽ ഇന്ത്യ 20 ശതമാനം മുതൽ 25 ശതമാനം ഇറക്കുമതി തീരുവ നേരിടേണ്ടി വരുമെന്നും ട്രംപ് സൂചന നൽകി.
ഇന്ത്യയിൽ 20-25 ശതമാനം വരെ ഉയർന്ന താരിഫ് ഏർപ്പെടുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നൽകുമോ എന്ന് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു, ‘ഇന്ത്യ എന്റെ സുഹൃത്താണ്. എന്റെ അഭ്യർത്ഥനപ്രകാരമാണ് അവർ പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത്. ഇന്ത്യയുമായുള്ള കരാർ അന്തിമമാക്കിയിട്ടില്ല. ഇന്ത്യ ഒരു നല്ല സുഹൃത്തായിരുന്നു, പക്ഷേ ഇന്ത്യ മറ്റ് ഏതൊരു രാജ്യത്തേക്കാളും കൂടുതൽ താരിഫ് ഈടാക്കിയിട്ടുണ്ട്’- ട്രംപ് പറഞ്ഞു.
ALSO READ: ‘ഞാൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു’; പ്രസിഡന്റ് ഡോണൾഡ് ട്രംപ്
അതേസമയം മറ്റ് പല രാജ്യങ്ങളിലും ചെയ്തതുപോലെ, താരിഫ് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ച് ട്രംപ് ഇന്ത്യയ്ക്ക് കത്തുകളൊന്നും അയച്ചിട്ടില്ല. പരസ്പര താരിഫ് സമയപരിധിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ, ട്രംപിന്റെ പരാമർശങ്ങൾ നിർണായകമാവുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ച വളരെ നന്നായി പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഞായറാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി ചരക്ക് വ്യാപാരം 191 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 77.5 ബില്യൺ യുഎസ് ഡോളറും ഇറക്കുമതി 55.4 ബില്യൺ യുഎസ് ഡോളറുമാണ്.