ദുബായിലെ വാടക്കാർക്ക് വലിയ ആശ്വാസം; ഷെയേർഡ് ഹൗസിങ് നിയമത്തിലെ മാറ്റങ്ങൾ അറിഞ്ഞോ?
Dubai's New Shared Housing Law: How Tenants Can Break Leases and Get Rent Refunds: പുതിയ നിയമപ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി എപ്പോൾ വേണമെങ്കിലും വാടകക്കാരന് കരാർ അവസാനിപ്പിക്കാം. ഇതിനായി കെട്ടിട ഉടമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകണം. എന്നാൽ വാടകക്കരാറിലെ നോട്ടീസ് പിരീഡ് കാലാവധി 30 ദിവസത്തിൽ കൂടുതലാണെങ്കിൽ ആ കാലാവധി പാലിക്കാൻ വാടക്കാരൻ ബാധ്യസ്ഥനാണ്

പ്രതീകാത്മക ചിത്രം
ദുബായ്: ദുബായിൽ ഷെയേർഡ് ഹൗസിങ് ഫെസിലിറ്റികളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി പുതിയ നിയമം. വടകക്കരാർ അവസാനിക്കുന്നതിന് മുൻപ് തന്നെ താമസക്കാർക്ക് കരാർ റദ്ദാക്കാനും, മുൻകൂറായി നൽകിയ വാടക തുക തിരികെ ആവശ്യപ്പെടാനും 2026-ലെ നാലാം നമ്പർ നിയമം പ്രബല്യത്തിൽ വന്നതോടെ സാധിക്കും. നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിയമപ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി എപ്പോൾ വേണമെങ്കിലും വാടകക്കാരന് കരാർ അവസാനിപ്പിക്കാം. ഇതിനായി കെട്ടിട ഉടമയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകണം. എന്നാൽ വാടകക്കരാറിലെ നോട്ടീസ് പിരീഡ് കാലാവധി 30 ദിവസത്തിൽ കൂടുതലാണെങ്കിൽ ആ കാലാവധി പാലിക്കാൻ വാടക്കാരൻ ബാധ്യസ്ഥനാണ്. മുൻകൂറായി നൽകിയ വാടക തിരികെ ലഭിക്കും എന്നതാണ് ഈ നിയമത്തിലെ ഏറ്റവും പ്രധാന ആകർഷണം. നിയമാനുസൃതമായി നോട്ടിസ് നൽകി കരാർ അവസാനിപ്പിച്ചവർക്ക് മുൻകൂറായി നൽകിയ വാടക തിരികെ ചോദിക്കാം.
Also Read: UAE Weather Update: യു.എ.ഇയിൽ ഇന്ന് ചൂട് കൂടും; വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യത
മുൻകൂറായി നൽകിയ വാടകയിൽ നിന്നും പരമാവധി ഒരുമാസത്തെ വാടക ഈടാക്കാൻ കെട്ടിട ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. ബാക്കി തുക വാടകക്കാരന് തിരികെ നൽകണം. വാടക്കാരനും കെട്ടിട ഉടമകളും തമ്മിൽ മറ്റു ധാരണകൾ ഇല്ലെങ്കിൽ മാസ വാടക മുൻകൂറായി നൽകുക എന്നതാണ് പുതിയ നിയമപ്രകാരമുള്ള രീതി. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കുകളും വാടകയിൽ ഉൾപ്പെടുത്താം എന്നും വ്യവസ്ഥയുണ്ട്. പണം തിരികെ നൽകാൻ കെട്ടിട ഉടമ തയ്യാറായില്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ വാടക്കാർക്ക് സാധിക്കും. റീഫണ്ട് ആവശ്യപ്പെട്ട് 30 ദിവസത്തിനകം തുക ലഭിച്ചില്ലെങ്കിൽ വാടകക്കാരന് എക്സിക്യൂട്ടീവ് ജഡ്ജിക്ക് നേരിട്ട് പരാതി നൽകാം.
ഷെയേർഡ് ഹൗസിങ് നിയമവുമായി ബന്ധപ്പെട്ട വാടക തർക്കങ്ങൾ പരിഹരിക്കാനുള്ള പൂർണ അധികാരം റെൻ്റൽ ഡിസ്പ്യൂട്ട് സെൻ്ററിനാണ്. നോട്ടറി പബ്ലിക് വഴിയോ, വാടകക്കരാറിൽ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസത്തിലോ, നേരിട്ടോ രേഖാമൂലമായിരിക്കണം വാടക്കാരൻ നോട്ടീസ് നൽകേണ്ടത്. വാക്കാലുള്ള അറിയിപ്പുകൾ നിയമപരമായി കണക്കാക്കില്ല. കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം മാറിയാലും വാടക്കാരനെ അത് ബാധിക്കില്ല. കെട്ടിടം ഉടമ മറ്റൊരാൾക്ക് വിറ്റാലും നിലവിലെ വാടകക്കരാർ റദ്ദാകില്ല. കരാർ കാലാവധി കഴിയുന്നത് വരെ അതേ കെട്ടിടത്തിൽ തന്നെ താമസിക്കാൻ വാടകക്കാരന് പൂർണ അധികാരം ഉണ്ടായിരിക്കും.
English Summary
Under Dubai’s new shared-housing law, residents can terminate their tenancy early by providing proper notice and request a refund of advance rent. The law also protects tenants during property ownership changes.