Dubai: പെട്രോൾ പമ്പിൽ വച്ചുണ്ടായ തർക്കത്തിൽ രണ്ട് മരണം; 11 പേരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്
11 People Arrested In Dubai: ദുബായിലെ പെട്രോൾ പമ്പിൽ വച്ചുണ്ടായ തർക്കത്തിൽ രണ്ട് പേർ മരിച്ചതുമായി ബന്ധപ്പെട്ട് 11 പേർ പിടിയിൽ. ഇക്കാര്യം ദുബായ് പോലീസ് സ്ഥിരീകരിച്ചു.
ദുബായിലെ പെട്രോൾ പമ്പിൽ വച്ചുണ്ടായ തർക്കത്തിൽ രണ്ട് മരണം. ഉസ്ബകിസ്താൻ വംശജരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 11 പേർ അറസ്റ്റിലായി. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് മരണത്തിലേക്കും അറസ്റ്റിലേക്കും നയിച്ചതെന്ന് ദുബായ് പോലീസ് പറയുന്നു. ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടന്നത്. മുൻ വൈരാഗ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. മരണപ്പെട്ട ഉസ്ബക് വംശജർ തങ്ങളുടെ വാഹനത്തിന് കാറ്റ് നിറയ്ക്കാനാണ് പെട്രോൾ പമ്പിൽ എത്തിയത്. ബെൻസിലാണ് ഇവർ എത്തിയത്. പ്രതികൾ മറ്റൊരു വാഹനത്തിൽ പമ്പിലെത്തി. ബെൻസിലെത്തിയവരിൽ ഒരാൾ ടയറിലെ കാറ്റ് നോക്കാൻ പുറത്തിറങ്ങിയപ്പോൾ പ്രതികളുടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടാമത്തെയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ സംഘം പിന്തുടർന്ന് പിടികൂടി. ഈ സമയത്ത് പമ്പിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം സ്ഥലംവിട്ടിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അന്വേഷണത്തിനൊടുവിൽ പോലീസ് 11 പേരെ അറസ്റ്റ് ചെയ്തു. മറ്റൊരു എമിറേറ്റിലെ ഹോട്ടൽ മുറിയിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽം പ്രതികൾ കുറ്റം സമ്മതിച്ചു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതികൾ അറിയിച്ചു. പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. നിലവിൽ കേസിൻ്റെ നിയമനടപടികൾ പുരോഗമിക്കുകയാണ്.