Eid Al Fitr 2026: യുഎഇയില്‍ നാലു ദിവസം അവധി, ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ പെരുന്നാള്‍
Gulf Countries to Celebrate on Friday: ഇത്തവണത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ ഈദ് ഗാഹുകൾക്കും തുറന്ന സ്ഥലങ്ങളിലെ നമസ്കാരത്തിനും നിയന്ത്രണമുണ്ട്. പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള വിവരം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്അറിയിച്ചു.
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നാളെ ഈ വർഷത്തെ ചെറിയ പെരുന്നാൾ ആഘോഷിക്കും. യുഎഇ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാൾ. സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ആഘോഷങ്ങൾ നാളെയാണ്.
ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമസാൻ 30 പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയും യുഎഇ ചന്ദ്രദർശന സമിതിയും പുറപ്പെടുവിച്ചു.
നാല് ദിവസത്തെ അവധി
പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 22 ഞായർ വരെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. തിങ്കളാഴ്ച മുതൽ പ്രവൃത്തിദിവസം പുനരാരംഭിക്കും.
ഇത്തവണത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ ഈദ് ഗാഹുകൾക്കും തുറന്ന സ്ഥലങ്ങളിലെ നമസ്കാരത്തിനും നിയന്ത്രണമുണ്ട്. പെരുന്നാൾ നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള വിവരം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു.
തിരക്ക് ഒഴിവാക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രാദേശിക സമയം പുലർച്ചെ 6:00-ന് ശേഷമായിരിക്കും വിവിധ എമിറേറ്റുകളിൽ നമസ്കാരം നടക്കുക. രാജ്യത്തെ പള്ളികളെല്ലാം പെരുന്നാൾ നമസ്കാരത്തിനായി സർവസജ്ജമായിക്കഴിഞ്ഞു. വിശ്വാസികൾക്ക് സുരക്ഷിതമായി പെരുന്നാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.