XChat: മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളി കൂടി, നമ്പർ ഇല്ലാതെയും എക്സ്ചാറ്റ് ചെയ്യാം
Elon Musk Launches XChat: വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ നിർബന്ധമാണ്. ഈ ഒരു പ്രത്യേകത XChat-നെ ശക്തനായ ഒരു എതിരാളിയാക്കി മാറ്റുമോ എന്ന് കണ്ടറിയണം.

ന്യൂഡൽഹി: ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഒരു പുതിയ എൻക്രിപ്റ്റഡ് മെസ്സേജിംഗ് സേവനം അവതരിപ്പിച്ചു. XChat എന്ന പേരിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ തന്നെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. X പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടാണ് XChat എത്തുന്നത്. എലോൺ മസ്‌ക് X പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രഖ്യാപനം നടത്തിയത്. ഈ ചാറ്റിംഗ് ഫീച്ചറിൽ ബിറ്റ്‌കോയിൻ ലെവൽ എൻക്രിപ്ഷൻ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാന സവിശേഷതകൾ
- നമ്പർ ആവശ്യമില്ല: മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ തന്നെ സന്ദേശമയയ്ക്കൽ, ഓഡിയോ, വീഡിയോ കോളുകൾ, ഫയൽ പങ്കിടൽ എന്നിവ സാധ്യമാകും.
- എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ: സ്വകാര്യതയ്ക്ക് ഊന്നൽ നൽകി ബിറ്റ്‌കോയിൻ ശൈലിയിലുള്ള എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഹാക്കർമാർക്ക് സന്ദേശങ്ങൾ ചോർത്തുന്നത് അസാധ്യമാക്കുന്നു.
- ഡിസപ്പിയറിംഗ് മെസേജുകൾ: സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഒരു നിശ്ചിത സമയത്തിന് ശേഷം സന്ദേശങ്ങൾ സ്വയമേവ ഇല്ലാതാകും.
- ഓഡിയോ, വീഡിയോ കോൾ സൗകര്യം: XChat വഴി മൊബൈൽ നമ്പർ ഉപയോഗിക്കാതെ തന്നെ ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭിക്കും.
- മസ്കിന്റെ ‘Everything App’ എന്ന ലക്ഷ്യം: X പ്ലാറ്റ്‌ഫോമിനെ ചൈനയിലെ WeChat പോലെ ഒരു ‘Everything App’ ആക്കി മാറ്റാനുള്ള മസ്‌കിന്റെ വലിയ പദ്ധതിയുടെ ഭാഗമാണ് XChat. WeChat സന്ദേശമയയ്ക്കൽ, പേയ്‌മെന്റുകൾ, മീഡിയ, ഡേറ്റിംഗ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഒറ്റ ആപ്പിൽ നൽകുന്നുണ്ട്. X-നെ സമാനമായ ഒരു സൂപ്പർ ആപ്ലിക്കേഷനാക്കി മാറ്റാനാണ് മസ്ക് ലക്ഷ്യമിടുന്നത്.
- നിലവിൽ XChat പരീക്ഷണ ഘട്ടത്തിലാണ്. വരും ദിവസങ്ങളിൽ ഇത് എല്ലാ X ഉപയോക്താക്കൾക്കും ലഭ്യമാകും.
വാട്ട്‌സ്ആപ്പുമായി മത്സരിക്കുമോ?
എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, ഡിസപ്പിയറിംഗ് ഫീച്ചർ, വീഡിയോ-ഓഡിയോ കോൾ സൗകര്യം തുടങ്ങിയ വാട്ട്‌സ്ആപ്പിന് സമാനമായ നിരവധി സവിശേഷതകൾ XChat-നുമുണ്ട്. എന്നാൽ, മൊബൈൽ നമ്പർ ഇല്ലാതെ ഉപയോഗിക്കാമെന്ന XChat-ന്റെ സവിശേഷതയാണ് വാട്ട്‌സ്ആപ്പിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ നിർബന്ധമാണ്. ഈ ഒരു പ്രത്യേകത XChat-നെ ശക്തനായ ഒരു എതിരാളിയാക്കി മാറ്റുമോ എന്ന് കണ്ടറിയണം.