Emmanuel Macron: ‘പലസ്‌തീനെ രാജ്യമായി അംഗീകരിക്കും’; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ് പ്രസിഡൻ്റ്
Emmanuel Macron: ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ച് കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും ഇമ്മാനുവേൽ മാക്രോൺ കൂട്ടിച്ചേർത്തു.

Emmanuel Macron
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന നിലപാടിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി.
ഇതോടെ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ജി 7 രാജ്യമായി ഫ്രാൻസ് മാറും. എക്സിൽ പങ്ക് വച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ പ്രധാന ആവശ്യം.
സമാധാനം സാധ്യമാണ്. ഉടനടി വെടിനിർത്തൽ നടപ്പാക്കണം, എല്ലാ ബന്ദികളെയും മോചിപ്പിക്കണം, ഗാസയിലെ ജനങ്ങൾക്ക് വൻതോതിലുള്ള മാനുഷിക സഹായം നൽകണം, അദ്ദേഹം കുറിച്ചു.
ALSO READ: അപ്രത്യക്ഷമായ റഷ്യൻ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ
കൂടാതെ ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണം. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ച് കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും ഇമ്മാനുവേൽ മാക്രോൺ കൂട്ടിച്ചേർത്തു.
അതേസമയം ഒക്ടോബർ 7 ലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ തെൽ അവീവിനടുത്തുള്ള ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പ്രസിഡന്റ് മാക്രോണിന്റെ തീരുമാനത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.