Spy Cockroaches: എഐ റോബോട്ടുകള്‍ മുതല്‍ ചാരവൃത്തിയ്ക്കായി പാറ്റകള്‍ വരെ; ഞെട്ടിക്കാനൊരുങ്ങി ജര്‍മന്‍ കമ്പനി
Germany warfare plan: 2029 ആകുമ്പോഴേക്കും പ്രതിരോധ ബജറ്റ് പ്രതിവർഷം ഏകദേശം 162 ബില്യൺ യൂറോ ആക്കാനാണ് ജർമ്മനി പദ്ധതിയിടുന്നത്. അതിശയിപ്പിക്കുന്ന പ്രതിരോധ സംവിധാനങ്ങളാണ് വികസിപ്പിക്കുന്നത്

പ്രതീകാത്മക ചിത്രം
മ്യൂണിച്ച്: നാല് വര്‍ഷത്തോളമായി തന്റെ കമ്പനിയിലേക്ക് നിക്ഷേപം എത്തിക്കുന്നതിനുള്ള കഠിനപരിശ്രമത്തിലായിരുന്നു യൂറോപ്പിലെ പ്രമുഖ ഡിഫന്‍സ് സ്റ്റാര്‍ട്ടപ്പായ ഹെല്‍സിങിന്റെ സഹസ്ഥാപകനായ ഗുണ്ട്ബര്‍ട്ട് ഷെര്‍ഫ്. ജര്‍മ്മനിയിലെ മ്യൂണിച്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ മൂല്യം കഴിഞ്ഞ മാസം നടന്ന ഒരു ഫണ്ട്‌റൈസിംഗിൽ ഇരട്ടിയിലധികം വര്‍ധിച്ച് 12 ബില്യൺ ഡോളറായി. വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി യുഎസിനെക്കാള്‍ കൂടുതല്‍ പ്രതിരോധ സാങ്കേതികവിദ്യ രംഗത്ത് യൂറോപ്പ് കൂടുതല്‍ പണം ചെലവഴിക്കുന്നുവെന്നാണ് ഇതു സംബന്ധിച്ച് ഷെര്‍ഫ് പ്രതികരിച്ചത്. യൂറോപ്പ് പ്രതിരോധരംഗത്തേക്ക് കൂടുതല്‍ അടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധരംഗത്തെ യൂറോപ്പിന്റെ ഭാവി പ്രധാനമായും ജര്‍മ്മനി കേന്ദ്രീകരിച്ചാണെന്നതാണ് വസ്തുത. ഡിഫന്‍സ് മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് തന്ത്രങ്ങള്‍ മെനയുന്നതിന്റെ തിരക്കിലാണ് ജര്‍മ്മനി. ചാൻസലർ ഫ്രെഡറിക് മെർസിന്റെ സർക്കാർ എഐയെയും, സ്റ്റാർട്ടപ്പ് സാങ്കേതികവിദ്യയെയും പ്രതിരോധ പദ്ധതികളുടെ താക്കോലായാണ് കാണുന്നത്.
2029 ആകുമ്പോഴേക്കും പ്രതിരോധ ബജറ്റ് പ്രതിവർഷം ഏകദേശം 162 ബില്യൺ യൂറോ ആക്കാനാണ് ജർമ്മനി പദ്ധതിയിടുന്നത്. അതിശയിപ്പിക്കുന്ന പ്രതിരോധ സംവിധാനങ്ങളാണ് വികസിപ്പിക്കുന്നത്. എഐ റോബോട്ടുകള്‍ മുതല്‍ ചാരവൃത്തിയ്ക്കായി പാറ്റകളെ വരെ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മ്മനിയിലെ ഹെല്‍സിങ് കമ്പനി. യൂറോപ്പിനെ കരുത്തരാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗുണ്ട്ബര്‍ട്ട് ഷെര്‍ഫിന്റെ വിശദീകരണം.
യുഎസ് കമ്പനികളെ ആശ്രയിക്കുന്നതിനുപകരം യൂറോപ്യന്‍ പ്രതിരോധ വ്യവസായം ശക്തമാക്കണമെന്ന നിലപാടിലാണ് ജര്‍മ്മനി. എന്നാല്‍ യുഎസില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ വിപണി വിഘടിച്ചിരിക്കുന്നുവെന്നതാണ് വെല്ലുവിളി. കരാറുകൾ നിറവേറ്റുന്നതിന് ഓരോ രാജ്യത്തിനും അവരുടേതായ മാനദണ്ഡങ്ങളുമുണ്ട്. അടുത്തകാലത്ത് വരെ യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയും കുറവായിരുന്നു.
എന്നാല്‍ റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷം ഈ സമീപനത്തില്‍ മാറ്റം വരുത്തിയതായി സൈബർ ഇന്നൊവേഷൻ ഹബ്ബായ ബുണ്ടസ്വെഹര്‍ ഇന്നോവേഷന്റെ മേധാവിയായ സ്വെന്‍ വീസെനെഗര്‍ പറഞ്ഞു. ഇതോടെ പ്രതിരോധരംഗത്ത് ജര്‍മ്മനിക്ക് പുതിയൊരു സമീപനമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: Russian Plane Crash: അപ്രത്യക്ഷമായ റഷ്യൻ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ
ഇതില്‍ ചില ആശയങ്ങള്‍ സയന്‍സ് ഫിക്ഷന്‍ കഥകളുമായി സാമ്യമുള്ളതാണ്. ക്യാമറകൾ വഴി തത്സമയ ഡാറ്റ ശേഖരണം സാധ്യമാക്കുന്ന സൈബർഗ് പാറ്റകളടക്കമുള്ള ആശയങ്ങളാണ് പരിഗണിക്കുന്നത്. ഇലക്ട്രോണിക് ഹാർഡ്‌വെയർ ഘടിപ്പിച്ച് ഉപയോഗിക്കുന്ന പാറ്റകളെയാണ് സൈബർഗ് കോക്രോച്ച് എന്ന് വിളിക്കുന്നത്. ഇവയെ മനുഷ്യന് നിയന്ത്രിക്കാനാകും. ശത്രുക്കളുടെ വിവരങ്ങള്‍ അനായാസം ചോര്‍ത്തിയെടുക്കാനാണ് ഈ തന്ത്രം.
പ്രാണികളെ കേന്ദ്രീകരിച്ചുള്ള ബയോ റോബോട്ടുകളില്‍ ന്യൂറൽ സ്റ്റിമുലേഷൻ, സെൻസറുകൾ തുടങ്ങിയവ സജ്ജീകരിക്കുമെന്ന് സിഇഒ സ്റ്റെഫാൻ വിൽഹെം പറഞ്ഞു. എഐ റോബോട്ടുകള്‍, സബ്മറൈനുകള്‍ തുടങ്ങിയവയും കമ്പനി പരിഗണിക്കുന്നുണ്ട്.