AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Golden Dome: എന്താണ് അമേരിക്കയിലൊരുങ്ങുന്ന ഗോള്‍ഡന്‍ ഡോം?

What is Golden Dome Missile Defense: കര, ബഹിരാകാശ മിസൈല്‍ ഷീല്‍ഡ് സംവിധാനമാണ് ഗോള്‍ഡന്‍ ഡോം. മിസൈലുകള്‍ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ഈ സംവിധാനം അമേരിക്കയുടെ വിജയത്തിനും നിലനില്‍പ്പിനും വളരെ അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്.

Golden Dome: എന്താണ് അമേരിക്കയിലൊരുങ്ങുന്ന ഗോള്‍ഡന്‍ ഡോം?
Image Credit source: X
shiji-mk
Shiji M K | Published: 21 May 2025 13:20 PM

അമേരിക്ക നടപ്പിലാക്കാനൊരുങ്ങുന്ന ഗോള്‍ഡന്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ ഗോള്‍ഡന്‍ ഡോം മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി കഴിഞ്ഞു. 175 ബില്യണ്‍ ഡോളര്‍ ചിലവാക്കി കൊണ്ടാണ് പദ്ധതിയൊരുങ്ങുന്നത്.

എന്താണ് ഗോള്‍ഡന്‍ ഡോം?

കര, ബഹിരാകാശ മിസൈല്‍ ഷീല്‍ഡ് സംവിധാനമാണ് ഗോള്‍ഡന്‍ ഡോം. മിസൈലുകള്‍ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ഈ സംവിധാനം അമേരിക്കയുടെ വിജയത്തിനും നിലനില്‍പ്പിനും വളരെ അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുമുള്ള മിസൈലുകളെയും അമേരിക്കയില്‍ പതിക്കുന്നതിന് മുമ്പ് തടയാന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയ മിസൈലുകളെ പോലും തടയാനുള്ള ശേഷി ഗോള്‍ഡന്‍ ഡോമിന് ഉണ്ടാകുമെന്ന് യുഎസ് വ്യക്തമാക്കുന്നു. പ്രീ ലോഞ്ച്, പ്രാരംഭ ബൂസ്റ്റ്, മിഡ് കോഴ്‌സ്, അന്തിമ ആഘാതം എന്നിങ്ങനെ നാല് തരത്തിലുള്ള ഭീഷണികളെ നേരിടുകയാണ് ഗോള്‍ഡന്‍ ഡോമിന്റെ ലക്ഷ്യം.

യുഎസ് ലക്ഷ്യമാക്കി മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശത്രുക്കള്‍ ഒരുങ്ങുന്നതിന് മുമ്പ് അവരുടെ ബോംബര്‍ വിമാനങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇസ്രായേലിന്റെ അയേണ്‍ ഡോമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗോള്‍ഡന്‍ ഡോമിന്റെ നിര്‍മാണം. എന്നാല്‍ അയേണ്‍ ഡോമിനേക്കാള്‍ കരുത്തിന്റെ കാര്യത്തില്‍ ഗോള്‍ഡന്‍ ഡോം മുന്നിട്ട് നില്‍ക്കും.

ചിലവ് വരുന്നത് എത്ര?

കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് വ്യക്തമാക്കുന്ന കണക്കുകള്‍ പ്രകാരം ഗോള്‍ഡന്‍ ഡോം പൂര്‍ണമായും നിര്‍മിക്കാന്‍ 500 ബില്യണ്‍ ഡോളറിലധികം ചിലവ് വരുമെന്നാണ്. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 25 ബില്യണ്‍ ഡോളര്‍ ട്രംപ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. 175 ബില്യണ്‍ ഡോളര്‍ ചിലവ് വരികയുള്ളൂവെന്നാണ് ട്രംപ് പറയുന്നത്.

എപ്പോള്‍ പൂര്‍ത്തിയാകും?

തന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളിലോ സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കുമെന്നാണ് ട്രംപ് പറയുന്നത്.

നേതൃത്വം ആര്?

യുഎസ് സ്‌പേസ് ഫോഴ്‌സ് ജനറല്‍ മൈക്കല്‍ ഗ്യൂറ്റ്‌ലിന്‍ ആണ് ഈ പദ്ധതിയുടെ അമരക്കാരന്‍. ഫോര്‍ സ്റ്റാര്‍ ജനറലായ ഗ്യൂറ്റ്‌ലിന്‍ 2021ല്‍ സ്‌പേസ് ഫോഴ്‌സില്‍ ചേരുന്നതിന് മുമ്പ് വ്യോമസേനയില്‍ 30 വര്‍ഷം ജോലി ചെയ്തിരുന്നു. മിസൈല്‍ പ്രതിരോധത്തിലും ബഹിരാകാശ സംവിധാനങ്ങളിലും അദ്ദേഹത്തിന് മികവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എതിര്‍ക്കുന്നവര്‍

റഷ്യയും ചൈനയും അമേരിക്കയുടെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ബഹിരാകാശത്ത് യുദ്ധക്കളം സൃഷ്ടിക്കുന്നതിനായാണ് അമേരിക്കയുടെ നീക്കമെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ബഹിരാകാശത്ത് യുദ്ധം നടത്തുന്നതിനുള്ള ആയുധശേഖരണത്തിന് ഗോള്‍ഡന്‍ ഡോം ശക്തിപകരുമെന്നും അവര്‍ പറഞ്ഞു.

കൂടെയുണ്ട് കാനഡ

മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിനുള്ള സംരക്ഷണം തങ്ങള്‍ക്കും വേണമെന്ന് കാനഡ അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാനും രാജ്യം താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.