H-1B Fee: എച്ച്-1ബി ഫീസ് വർധന അനുഗ്രഹമായി; ജോലി നഷ്ടപ്പെട്ട ടെക്കികൾക്ക് ആശ്വാസിക്കാം…
H 1B fee hike: അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഫീസ് വർദ്ധനവിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അവകാശവാദം.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എച്ച്-1ബി ഫീസ് വർദ്ധിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അമേരിക്കന്‍ തൊഴില്‍ വിപണിയെ സംരക്ഷിക്കാനും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനുമാണ് ഫീസ് വർദ്ധനവിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അവകാശവാദം. എന്നാൽ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
ഓരോ പുതിയ എച്ച്-1ബി വിസ അപേക്ഷക്കും 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഈടാക്കാനുള്ള തീരുമാനം വലിയ ഞെട്ടലുണ്ടാക്കി. എന്നാൽ, ഇതിന് പിന്നാലെ വന്ന ഔദ്യോഗിക വിശദീകരണം, നിലവിൽ യു.എസിൽ ജോലി നഷ്ടപ്പെട്ട് പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ഉൾപ്പെടെ അപ്രതീക്ഷിത ആശ്വാസം നൽകിയിരിക്കുകയാണ്.
എച്ച്-1ബി ഫീസ് വർധന അനുഗ്രഹമായതെങ്ങനെ?
ഒരു പുതിയ ജീവനക്കാരന് 100,000 ഡോളർ വരെ ഫീസ് നൽകുന്നതിനുപകരം, ഇതിനകം വിസയുള്ളതും ജോലി നഷ്ടപ്പെട്ടതുമായ പഴയ പ്രൊഫഷണലുകളെ വീണ്ടും നിയമിക്കുന്നതിന് കമ്പനികൾ തയ്യാറാവുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുടെ വരവും ചെലവ് നിയന്ത്രണ നടപടികളും കാരണം ഒറാക്കിൾ, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ധാരാളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ALSO READ: ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം; H1B വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ്
കണക്കുകൾ പ്രകാരം, 2024 ൽ 2,38,461 ടെക് ജീവനക്കാർക്കും 2025 ജനുവരി മുതൽ 1,44,926 പേർക്കും ജോലി നഷ്ടപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും എച്ച്-1ബി വിസ ഉടമകളാണ്. നിയമങ്ങൾ അനുസരിച്ച്, 60 ദിവസത്തിനുള്ളിൽ അവർ മറ്റൊരു ജോലി കണ്ടെത്തണം. നിലവിലെ സാഹചര്യത്തിൽ, ഒരു പുതിയ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിനകം യുഎസിലുള്ള വിസ ഉടമകളെ നിയമിക്കുന്നതാണ് കമ്പനികൾക്ക് ലാഭം.
വീണ്ടും ലോട്ടറിയിലൂടെ കടന്നുപോകാതെ തന്നെ ട്രാൻസ്ഫർ പെറ്റീഷൻ ഉപയോഗിച്ച് അവർക്ക് എളുപ്പത്തിൽ ജോലി നേടാൻ കഴിയും. ഈ സാഹചര്യത്തിൽ, അടുത്തിടെ ജോലി നഷ്ടപ്പെട്ടവർക്ക് ഉടൻ തന്നെ കമ്പനികളിൽ നിന്ന് ജോലി ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഇമിഗ്രേഷൻ നിയമ സ്ഥാപനമായ ചഗ് എൽഎൽസിയിലെ അഭിഭാഷകനായ നവനീത് എസ്. ചഗ് പറയുന്നത്.