US Deportation: കുടുംബത്തോട് യാത്ര പറയാന്‍ പോലും അനുവദിച്ചില്ല, 30 വര്‍ഷം യുഎസില്‍ കഴിഞ്ഞ 73കാരിയെ ഇന്ത്യയിലേക്ക് നാടുകടത്തി
73 year old Harjit Kaur deported to India by ICE: മക്കള്‍ക്കൊപ്പം 1992ലാണ് ഹര്‍ജിത് കൗര്‍ യുഎസിലേക്ക് പോയത്. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയിലായിരുന്നു താമസം. 30 വര്‍ഷത്തിലേറെ അവിടെ താമസിച്ചു. എന്നാല്‍ ഇവര്‍ക്ക് രേഖകളില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
കുടുംബത്തോട് യാത്ര പറയാന്‍ പോലും അനുവദിക്കാതെ 73കാരിയെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി റിപ്പോര്‍ട്ട്. 30 വര്‍ഷത്തിലേറെയായി യുഎസില്‍ താമസിച്ചിരുന്ന ഹര്‍ജിത് കൗറിനെയാണ് നാടുകടത്തിയത്. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുമുമ്പ് കുടുംബത്തോട് സംസാരിക്കാന്‍ പോലും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) അവസരം നൽകിയില്ലെന്ന് ഹര്‍ജിത് കൗറിന്റെ അഭിഭാഷകൻ ദീപക് അലുവാലിയ പറഞ്ഞു. നാടുകടത്തുന്നതിന് മുമ്പ് ലോസ് ഏഞ്ചല്‍സിലെ ഐസിഇ കേന്ദ്രത്തിലേക്ക് കൗറിനെ കൈകള്‍ ബന്ധിച്ച് കൊണ്ടുപോയിരുന്നതായും അലുവാലിയ ആരോപിച്ചു.
പഞ്ചാബ് സ്വദേശിയായ ഹര്‍ജിത് കൗർ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഇവരെ നാടുകടത്തിയ രീതിയെക്കുറിച്ച് വിശദീകരിച്ച് അഭിഭാഷകന്‍ ഒരു വീഡിയോ പുറത്തുവിട്ടതോടെ സംഭവം ചര്‍ച്ചയാവുകയായിരുന്നു.
ഞായറാഴ്ച രാത്രി ബേക്കേഴ്‌സ്‌ഫീൽഡിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് ഹര്‍ജിത് കൗറിനെ ഐസിഇ കൊണ്ടുപോവുകയായിരുന്നുവെന്ന് ദീപക് അലുവാലിയ വെളിപ്പെടുത്തി. ലോസ് ഏഞ്ചൽസില്‍ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ജോർജിയയിലേക്ക് കൊണ്ടുപോയി. തുടർന്ന് ന്യൂഡൽഹിയിലേക്ക് നാടുകടത്തി.
കൗറിന്റെ കുടുംബം അവരുടെ യാത്രാ രേഖകൾ തയ്യാറാക്കിയിരുന്നുവെന്നും , അവരെ തിരിച്ചെത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അവരെ തിരിച്ചെത്തിച്ച് കുടുംബത്തെ കുറച്ചു മണിക്കൂറുകള്‍ കാണാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും, ഐസിഇ അനുവദിച്ചില്ലെന്നും അഭിഭാഷകന്‍ ആരോപിച്ചു.
Also Read: H-1B Fee: എച്ച്-1ബി ഫീസ് വർധന അനുഗ്രഹമായി; ജോലി നഷ്ടപ്പെട്ട ടെക്കികൾക്ക് ആശ്വാസിക്കാം
ജോര്‍ജിയയില്‍ രണ്ട് ദിവസം കൗര്‍ ആശുപത്രിയിലായിരുന്നു. ജോര്‍ജിയയില്‍ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രത്തിലായിരുന്നു കൗറിനെ പാര്‍പ്പിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിച്ചെന്ന് അലുവാലിയ ആരോപിച്ചു. 73കാരിയായ കൗറിന് കിടക്ക പോലും ലഭിച്ചില്ലെന്നാണ് അഭിഭാഷകന്റെ ആരോപണം.
മക്കള്‍ക്കൊപ്പം 1992ലാണ് ഹര്‍ജിത് കൗര്‍ യുഎസിലേക്ക് പോയത്. കാലിഫോര്‍ണിയയിലെ ഈസ്റ്റ് ബേയിലായിരുന്നു താമസം. 30 വര്‍ഷത്തിലേറെ അവിടെ താമസിച്ചു. എന്നാല്‍ ഇവര്‍ക്ക് രേഖകളില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്