H-1B Visa: എച്ച്-1ബി വീസയ്ക്ക് ഇനി നേരിട്ടുള്ള ഇൻ്റർവ്യൂ നിർബന്ധം; ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടി
In Person Interview Must For H-1B Visa: എച്ച്-1ബി വീസയ്ക്ക് നേരിട്ടുള്ള ഇൻ്റർവ്യൂ നിർബന്ധമാക്കി. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.

എച്ച്1ബി വീസ
എച്ച്-1ബി വീസയ്ക്ക് ഇനി നേരിട്ടുള്ള ഇൻ്റർവ്യൂ നിർബന്ധം. ‘ഡ്രോപ്ബോക്സ്’ എന്നറിയപ്പെടുന്ന ഇൻ്റർവ്യൂ ഒഴിവാക്കൽ പ്രോഗ്രാം നിർത്തലാക്കുകയാണെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് പറഞ്ഞു. സെപ്തംബർ രണ്ട് മുതൽ എച്ച്-1ബി, എഫ്1 വീസകൾ ലഭിക്കാൻ നേരിട്ടുള്ള ഇൻ്റർവ്യൂ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
വീസ എടുക്കാൻ താത്പര്യമുള്ളവർ യുഎസ് എംബസികളിലോ കോൺസുലേറ്റുകളിലോ നേരിട്ടുള്ള ഇൻ്റർവ്യൂവിനായി ഹാജരാവണം. ഇന്ത്യൻ ടെക്കികൾക്ക് ഈ നീക്കം കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. പുതിയ നിബന്ധനയോടെ വീസ അപ്പോയിന്മെൻ്റുകൾക്ക് കൂടുതൽ സമയമെടുക്കുമെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. യാത്ര വൈകലും കൃത്യ സമയത്ത് തിരികെയെത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടവുമൊക്കെയുണ്ടാവാം. വളരെ നേരത്തെ തന്നെ വീസ അപേക്ഷ നൽകാനും അപ്പോയിന്മെൻ്റ് സ്ലോട്ടുകൾ കൃത്യമായി നിരീക്ഷിക്കാനും അപേക്ഷകർ ശ്രദ്ധിക്കണമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി.
Also Read: Viral video: ഈ സോപ്പു തേച്ച് കുളിക്കുന്നവർ ഇന്ത്യക്കാരാണോ? കാനഡയിൽ നിന്നുള്ള വൈറൽ വീഡിയോ ഇതാ
നേരത്തെയുണ്ടായിരുന്ന ഡ്രോപ്ബോക്സ് സൗകര്യം ആളുകൾക്ക് ഉപകാരപ്രദമായിരുന്നു. ബന്ധപ്പെട്ട ഇടങ്ങളിൽ ആവശ്യമായ രേഖകൾ ഹാജരാക്കി നേരിട്ടുള്ള ഇൻ്റർവ്യൂ ഒഴിവാക്കാൻ കഴിയുന്നതായിരുന്നു ഇത്. പുതുക്കിയ നിബന്ധന അനുസരിച്ച് വളരെ കുറച്ച് പേർക്ക് മാത്രമേ ഇനി ഈ സൗകര്യം ലഭിക്കൂ. നയതന്ത്ര പ്രതിനിധികൾക്കും ഔദ്യോഗിക വീസ അപേക്ഷകർക്കും ഡ്രോപ്ബോക്സ് സൗകര്യം ഇനിയും ഉപയോഗിക്കാം.
സിലിക്കോൺ വാലിയിൽ ജോലി ലഭിക്കുന്ന ടെക്കികൾ കൂടുതലും ഇന്ത്യക്കാരാണ്. പുതിയ നിബന്ധന ഇവർക്ക് കനത്ത തിരിച്ചടിയാണ്. 2022ൽ മാത്രം ആകെ നൽകിയ 3,20,000 എച്ച്-1ബി വീസകളിൽ 77 ശതമാനം വീസകളും നേടിയത് ഇന്ത്യക്കാരായിരുന്നു. 2023ൽ ഇത് 72.3 ശതമാനമായി. ആ വർഷം ആകെ 3,86,000 വീസകളാണ് വിതരണം ചെയ്തത്.