Hong Kong Fire Accident: ഹോങ്കോങ്ങിൽ വില്ലനായത് മുള, സിഗരറ്റ് കുറ്റികൾ പോലും തീ പടർത്തി; മരിച്ചവർ 55
Hong Kong Fire Accident Death: വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ട്.
തായ് പോ: ഹോങ്കോങിലെ തായ് പോയിലെ (Hong Kong Fire Accident) കെട്ടിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. അതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ 37 വയസുകാരനും മരിച്ചു. തീയണയ്ക്കാനുള്ള തീവ്രശ്രമം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവരുമായി ബന്ധപ്പെട്ടതായും ഹോങ്കോങിലെ ഏജൻസികൾ അറിയിക്കുന്നു.
Also Read: ഹോങ്കോങ്ങ് ദുരന്തം; മരണസംഖ്യ 44 ആയി ഉയർന്നു, മൂന്ന് പേർ അറസ്റ്റിൽ
തീപിടിത്തവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധ ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ ഉച്ചക്ക് ശേഷമാണ് കെട്ടിട സമുച്ചയത്തിൽ വലിയ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണത്തിൽ നിന്ന് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടർന്ന് പിടിച്ചതാണ് വലിയ അപകടത്തിന് കാരണമായത്. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമെന്നോണം 20 ലക്ഷം യുവാൻ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്.
ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ് വാങ് ഫുക് കോർട്ട്. ഇവിടെ ഏകദേശം 4800 ഓളം പേർ താമസിച്ചിരുന്നതാണ് വിവരം. ആദ്യത്തെ കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ തന്നെ തീയണക്കാൻ വൈകിയതാണ് വലിയ ദുരന്തത്തിന് കാരണമായത്. ഇതിൻ്റെ കാരണം എന്തായിരുന്നുവെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. തീയണക്കാതെ സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതടക്കം ശ്രദ്ധയിൽപെട്ടിട്ടതായാണ് റിപ്പോർട്ട്. അതിവേഗം തീപിടിക്കുന്ന വസ്തുക്കൾ സ്ഥലത്തുണ്ടായിരുന്നതും മറ്റൊരു കാരണമായി കണ്ടെത്തിയിട്ടുണ്ട്.