ദുബായിൽ കെട്ടിട ഉടമയ്ക്ക് വാടക എത്രത്തോളം വർദ്ധിപ്പിക്കാം? വാടകക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ!
Dubai Rent Renewal: Rules on Rent Hikes: 2013-ലെ ദുബായ് ഡിക്രി നമ്പർ 43 പ്രകാരവും, റെറ റെൻ്റൽ ഇൻഡക്സ് അടിസ്ഥാനമാക്കിയുമാണ് വാടക വർധനവ് തീരുമാനിക്കുന്നത്. നിലവിൽ നൽകുന്ന വാടക, ശരാശരി വാടക നിരക്കിനേക്കാൾ എത്രത്തോളം കുറവാണെന്ന് എന്നതിനനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതനുസരിച്ച് ചിലപ്പോൾ വാടകയിൽ വർധനവ് വരുത്തേണ്ടതായി പോലും വരില്ല.
ദുബായിൽ കുറഞ്ഞ വാടകയ്ക്ക് ഒരു വീട് കണ്ടെത്തുക എന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. കുടുംബസമേതം ദുബായിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വാടക കരാർ പുതുക്ക എന്നത്. കരാർ പുതുക്കുമ്പോൾ എപ്പോഴും നേരിടുന്ന പ്രധാന ചോദ്യങ്ങളാണ് കെട്ടിട ഉടമകൾക്ക് വാടക എത്രത്തോളം വർദ്ധിപ്പിക്കാനാകും, ഏജൻ്റ് ഫീസ് നൽകേണ്ടതുണ്ടോ, മറ്റ് രജിസ്ട്രേഷൻ ചാർജുകൾ എന്തൊക്കെയാണ് എന്നിവ. എന്നാൽ, കെട്ടിട ഉടമയോ പ്രോപ്പർട്ടി മാനേജറോ ആവശ്യപ്പെടുന്ന എല്ലാ തുകയും വാടകക്കാർ നൽകേണ്ടതുണ്ടോ? വാടക എത്രത്തോളം കൂട്ടാമെന്നും നിയമപരമായ മറ്റ് നിരക്കുകൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
2013-ലെ ദുബായ് ഡിക്രി നമ്പർ 43 പ്രകാരവും, റെറ റെൻ്റൽ ഇൻഡക്സ് അടിസ്ഥാനമാക്കിയുമാണ് വാടക വർധനവ് തീരുമാനിക്കുന്നത്. നിലവിൽ നൽകുന്ന വാടക, ശരാശരി വാടക നിരക്കിനേക്കാൾ എത്രത്തോളം കുറവാണെന്ന് എന്നതിനനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതനുസരിച്ച് ചിലപ്പോൾ വാടകയിൽ വർധനവ് വരുത്തേണ്ടതായി പോലും വരില്ല. ഇനി വർധനവ് ആവശ്യമെങ്കിൽ പരമാവധി 20 ശതമാനം വരെ മാത്രമേ വാടക കൂട്ടാൻ കെട്ടിട ഉടമയ്ക്ക് നിയമപരമായി സാധിക്കൂ.
കരാർ അവസാനിക്കുന്നതിന് മുൻപ് പെട്ടെന്നൊരു ദിവസം വാടക കൂട്ടാൻ നിയമപരമായി ഉടമയ്ക്ക് സാധിക്കില്ല എന്നതാണ് മറ്റൊരു കാര്യം. വാടക കൂട്ടാനോ കരാറിലെ മറ്റ് വ്യവസ്ഥകൾ മാറ്റാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് 90 ദിവസത്തിന് മുൻപ് തന്നെ കെട്ടിട ഉടമ വാടകക്കാരന് രേഖാമൂലം നോട്ടീസ് നൽകിയിരിക്കണം. ഇത് നിർബന്ധമായും പാലിക്കേണ്ടതാണെന്ന് ദുബായ് റെൻ്റൽ ഡിസ്പ്യൂട്ട്സ് സെൻ്റർ വ്യക്തമാക്കിയിട്ടുള്ളതാണ്.
കരാർ പുതുക്കാൻ കെട്ടിട ഉടമയ്ക്ക് പ്രത്യേകം ഫീസ് ഈടാക്കാനും സാധിക്കില്ല എന്ന കാര്യവും ശ്രദ്ധിക്കുക. വാടക കരാർ പുതുക്കുമ്പോൾ കെട്ടിട ഉടമയോ മാനേജ്മെൻ്റ് കമ്പനികളോ യാതൊരുവിധ അഡ്മിനിസ്ട്രേറ്റീവ് ഫീസും ഈടാക്കാൻ പാടില്ലെന്ന് 2020-ൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ ജുഡീഷ്യൽ വിഭാഗമായ ആർ.ഡി.സി വ്യക്തമാക്കിയിട്ടുണ്ട്. കരാർ പുതുക്കാൻ വേണ്ടി മാത്രം ഏജൻ്റുമാർക്കും ഫീസുകൾ ഈടാക്കാൻ സധിക്കില്ല. എന്നാൽ പുതിയ കരാർ തയ്യാറാക്കുന്നതിനോ മറ്റ് പ്രത്യേക സേവനങ്ങൾക്കോ വേണ്ടി ഏജൻ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എങ്കിൽ അത്തരം സേവനങ്ങൾക്കുള്ള ഫീസ് നൽകേണ്ടി വരും.
English Summary
In Dubai, landlords can increase rent by 0% to 20% based on the RERA index, requiring a 90-day written notice. Landlords cannot charge contract renewal fees, while official Ejari costs apply.