Iran Protest: ഇറാനില്‍ ഭരണം മാറുന്നത് ഇന്ത്യക്ക് നല്ലതല്ല; പഹ്‌ലവി തിരിച്ചുവന്നാല്‍ എന്ത് സംഭവിക്കും?
Reza Pahlavi's Impact on India-Iran Relations: ഒരു ജനാധിപത്യ രാജ്യമായ ഇറാന്‍ പൊതുവായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാഷിങ്ടണില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേനളനത്തില്‍ റെസ പഹ്‌ലവി പറഞ്ഞു.

റെസ പഹ്‌ലവിയുടെ ഫോട്ടോയും പിടിച്ചുള്ള പ്രതിഷേധം
ഇറാന്‍: കിരീടാവകാശി റെസ പഹ്‌ലവി ഇറാനിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭങ്ങള്‍ക്കിടെ താന്‍ വൈകാതെ ജന്മനാട്ടിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇന്ത്യയുമായി വളരെ അടുത്തതും സഹകരണപരവുമായ ബന്ധം ഉറപ്പാക്കുമെന്നാണ് റെസ പറഞ്ഞിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്താണ് പ്രഖ്യാപനം.
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നയതന്ത്രത്തിനും അപ്പുറത്തേക്ക് ആ ബന്ധം വ്യാപിച്ചിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായ ഇറാന്‍ പൊതുവായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാഷിങ്ടണില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേനളനത്തില്‍ റെസ പഹ്‌ലവി പറഞ്ഞു.
പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തില്‍ ഒരേ മൂല്യങ്ങള്‍ പിന്തുടരുകയും വ്യത്യസ്ത മേഖലകളില്‍ തങ്ങളോടൊപ്പം പങ്കാളികളാകുകയും ചെയ്യുന്ന രാജ്യവുമായി ഏറ്റവും മികച്ച ബന്ധം ഇറാന്‍ ഉറപ്പാക്കും. ആഗോള വെല്ലുവിളികള്‍ക്കിടെ കൂടുതല്‍ ആഴത്തിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നും അതിനാല്‍ ഇന്ത്യ മികച്ചൊരു പങ്കാളിയായിരിക്കുമെന്നും പഹ്‌ലവി അവകാശപ്പെട്ടു.
ഇന്ത്യയുടെ സാങ്കേതിക മേഖലയിലെ കരുത്തിനെ കുറിച്ചും പഹ്‌ലവി വാചാലനാകുന്നുണ്ട്. സാങ്കേതികവിദ്യയിലും ഉയര്‍ന്ന വൈദഗ്ധ്യത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട എല്ലാ മേഖലകളിലും അവര്‍ നമ്മെ സഹായിക്കുമെന്ന് താന്‍ കരുതുന്നുവെന്നാണ് പഹ്‌ലവി പറഞ്ഞത്.
അതേസമയം, പഹ്‌ലവി ഇറാനിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് ഗുണവും ദോഷവും ഒരുപോലെ പ്രദാനം ചെയ്യും. സാങ്കേതിക-സാമ്പത്തിക ബന്ധങ്ങള്‍ ഒന്നുകൂടി ശക്തിപ്പെടുന്നതിന് പഹ്‌ലവിയുടെ വരവ് സഹായകമാകും. എന്നാല്‍ യുഎസുമായി സഖ്യത്തിലായ പാകിസ്ഥാനോട് ഇറാന്‍ വളരെ അടുപ്പത്തിലാണ്. ഇത് ചിലപ്പോള്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയേക്കാം. മാത്രമല്ല, ഇന്ത്യയുടെ ചാബഹാര്‍ തുറമുഖത്തേക്കുള്ള പ്രവേശനത്തെയും ഇത് ബാധിക്കാനിടയുണ്ട്.
Also Read: Iran Protest: കെട്ടടങ്ങാതെ കലാപത്തീ! ഇറാനില്‍ മരണസംഖ്യ 3,000 കടന്നു? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പാകിസ്ഥാനുമായി ഇറാനുള്ളത് ശക്തമായ സൈനിക, സാമ്പത്തിക, നയതന്ത്ര ബന്ധമാണ്. 1941 മുതല്‍ 1979 വരെ ഇറാനിലെ അവസാന രാജാവായിരുന്ന റെസ പഹ്‌ലവിയുടെ പിതാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവി, ഇറാന്റെ സുരക്ഷയ്ക്കും പ്രാദേശിക സ്വാധീനത്തിനും ഒരു സുപ്രധാന ബഫര്‍ രാജ്യമായി പാകിസ്ഥാനെ പരിഗണിച്ചിട്ടുണ്ട്.
1965ലും 1971ലും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ യുദ്ധങ്ങളില്‍ ഷാ പാകിസ്ഥാന് പരസ്യ പിന്തുണയും പ്രഖ്യാപിച്ചു. കശ്മീരുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ നിലപാടിനെയും ഷാ അനുകൂലിച്ചിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ആക്രമണകാരിയായ രാജ്യമാണെന്ന പ്രസ്താവനയും അയാള്‍ നടത്തിയിരുന്നു. നിലവില്‍ ഇന്ത്യയ്ക്ക് അനുകൂലമായി പഹ്‌ലവി സംസാരിക്കുന്നുണ്ടെങ്കിലും വീണ്ടും പാകിസ്ഥാന്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല.
ഇറാന്‍ യുഎസുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാധ്യത കൂടുതലാണ്. സുരക്ഷ, ഊര്‍ജ മേഖലകളില്‍ സുപ്രധാന നയങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ തന്ത്രപരമായ താത്പര്യങ്ങളില്‍ ഒന്നായ ചാബഹാര്‍ തുറമുഖത്തെ ബാധിച്ചേക്കാം. ഇന്ത്യയ്ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള പ്രവേശനവും പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള പാത തുറന്നുനല്‍കാനും ചാബഹാര്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചാബഹാറുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരു തീരുമാനവും ഇന്ത്യയെയും ബാധിക്കും.