Iran-US Conflict: ഒരു ചര്‍ച്ചയുമില്ല, ട്രംപിന്റെ മോഹം നടക്കില്ല; ദോഹ കൂടിക്കാഴ്ച വാദം തള്ളി ഇറാന്‍
Iran Says No US Talks Planned in Doha Dismisses Donald Trump Announcement: സമഗ്രമായ കരാറിന്മേലുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അന്തിമ കരാറിനായുള്ള ചര്‍ച്ചാ ഘട്ടത്തിലേക്ക് ഞങ്ങള്‍ ഇതുവരെ കടന്നിട്ടില്ല. ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച്, അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്ന ആര്‍ട്ടിക്കിള്‍ 1,4,5,10,11 എന്നിവ നടപ്പാക്കുന്നത് അനുസരിച്ചിരിക്കുമെന്നും ബഗായ് അറിയിച്ചു.
ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മില്‍ ദോഹയില്‍ വെച്ച് വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ടെഹ്‌റാന്‍. ദോഹയില്‍ വെച്ച് ചര്‍ച്ച നടത്താന്‍ ഇറാനെ അഭ്യര്‍ത്ഥിച്ചുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ അമേരിക്കയുമായി ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ അമേരിക്കയുമായി ഒരു തലത്തിലും ചര്‍ച്ചയില്ല, അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനും ഇറാന്‍ പ്രതിനിധി സംഘത്തിന്റെ യാത്രയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആര്‍ട്ടിക്കിള്‍ 11 ഉള്‍പ്പെടെയുള്ള ധാരണാപത്രത്തിലെ വ്യവ്യസ്ഥകള്‍ നടപ്പാക്കുന്നതിന്റെ തുടര്‍നടപടികള്‍ക്കായാണ് ഇറാന്‍ സംഘം യാത്ര നടത്തുന്നതെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു.
സമഗ്രമായ കരാറിന്മേലുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അന്തിമ കരാറിനായുള്ള ചര്‍ച്ചാ ഘട്ടത്തിലേക്ക് ഞങ്ങള്‍ ഇതുവരെ കടന്നിട്ടില്ല. ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച്, അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്ന ആര്‍ട്ടിക്കിള്‍ 1,4,5,10,11 എന്നിവ നടപ്പാക്കുന്നത് അനുസരിച്ചിരിക്കുമെന്നും ബഗായ് അറിയിച്ചു.
അന്തിമ കരാറിന്മേലുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇരുവിഭാഗവും തമ്മിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇറാന്റെ മരവിപ്പിച്ചതോ നിയന്ത്രിച്ചതോ ആയ ഫണ്ടുകളും ആസ്തികളും പരസ്പര സമ്മതത്തോടെ ഉപയോഗിക്കുക, പൂര്‍ണമായും ലഭ്യമാക്കുക, അതിലേക്കുള്ള പ്രവേശനം സുഗമമാക്കുക തുടങ്ങിയവയ്ക്ക് ആവശ്യമായ ലൈസന്‍സുകളും അംഗീകാരങ്ങളും നല്‍കാനും ആര്‍ട്ടിക്കിള്‍ 11 അമേരിക്കോടെ ആവശ്യപ്പെടുന്നുണ്ട്.
നിലവില്‍ ചര്‍ച്ചയ്ക്ക് പദ്ധതിയില്ല
ഇറാനും അമേരിക്കയും തമ്മില്‍ പരസ്പര ധാരണയാണ് വേണ്ടതെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പറയുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം തുല്യതയുടെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കണം. ഈ യുദ്ധത്തില്‍ ഇറാന്‍ പരാജയപ്പെട്ടതുപോലെ അമേരിക്ക പെരുമാറാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയാണ് വേണ്ടത്. അമേരിക്കക്കാര്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാനും അതുപോലെ തുടരുമെന്നും പെഷെഷ്‌കിയാന്‍ പറഞ്ഞു. ഭീഷണികള്‍ നേരിടുമ്പോള്‍ ഇറാന്‍ പ്രവര്‍ത്തിക്കില്ലെന്നും പ്രസിഡന്റ് പറയുന്നുണ്ട്.
ട്രംപ് സമാധാനം ആഗ്രഹിക്കുന്നു
ഹോര്‍മുസ് കടലിടുക്കില്‍ ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായാണ് ദോഹയില്‍ വെച്ച് കൂടിക്കാഴ്ച നടക്കുമെന്ന് പറഞ്ഞത്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും യുഎസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും ചര്‍ച്ചകള്‍ക്കായി ദോഹയിലേക്ക് പോകുമെന്നാണ് വൈറ്റ് ഹൗസിന്റെ അറിയിപ്പ്.
ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചര്‍ച്ചയെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അവകാശപ്പെടുന്നത്. സമാധാന പ്രക്രിയ തുടരുന്നത് കാണാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ അമേരിക്കയുമായി ഒരു നല്ല കരാറില്‍ ഒപ്പുവെക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇറാന്‍ ഒരു കൂടിക്കാഴ്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അത് നാളെ ദോഹയില്‍ വെച്ച് നടക്കുമെന്നും ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു. എന്നാല്‍ നിലവില്‍ ഇറാന്‍ ഈ വാദങ്ങളെല്ലാം തള്ളുകയാണ്.
English Summary
Iran has denied reports that it plans to hold talks with the United States in Doha, rejecting former US President Donald Trump’s claim. Iranian officials said no such meeting has been scheduled, adding another twist to ongoing tensions and diplomatic developments between Tehran and Washington.