Irael – Iran Conflict: ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണമെന്ന് എംപിമാർ; അപേക്ഷ പിൻവലിച്ച് യുക്രൈൻ നിയമജ്ഞൻ
Nobel Peace Prize For Donald Trump Updates: ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി എംപിമാർ. ഇതിനിടെ യുക്രൈൻ നിയമജ്ഞൻ ഒലക്സാണ്ടർ മെരെഴ്കോ ട്രംപിനായി സമർപ്പിച്ച ശുപാർശ പിൻവലിച്ചു.

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യമാക്കിയത് ഡോണൾഡ് ട്രംപെന്ന് റിപ്പബ്ലിക്കൻ പാർട്ടി എംപിമാർ. അതിനാൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ഈ മാസം 24നാണ് ഇറാനും ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിച്ചത്. പിന്നാലെ താൻ ഇടപെട്ട് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു എന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇതിനെ ഇറാൻ തള്ളി.
ഇതിനിടെ യുക്രൈൻ നിയമജ്ഞൻ ഒലക്സാണ്ടർ മെരെഴ്കോ ട്രംപിനായി സമർപ്പിച്ച നൊബേൽ ശുപാർശ പിൻവലിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെയായിരുന്നു അദ്ദേഹം നൊബേൽ കമ്മറ്റിയിൽ ശുപാർശ നൽകിയത്. എന്നാൽ, ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിൽ വെടിനിർത്തൽ കരാർ വിജയകരമായി നടപ്പാക്കാൻ റംപിന് കഴിഞ്ഞില്ല. അതുകൊണ്ട് ശുപാർശ പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് പരസ്പരം ആരോപിച്ചു. പരസ്പരം ആക്രമണങ്ങളുമുണ്ടായി. ഇസ്രയേൽ വെടിനിർത്തൽ പാലിച്ചാൽ തങ്ങളും പാലിക്കുമെന്നാണ് ഇറാൻ്റെ പക്ഷം. എന്നാൽ, ഇറാനാണ് ആദ്യം കരാർ ലംഘിച്ചതെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തി.




വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് തെക്കൻ ഇസ്രായേലി നഗരമായ ബീർഷെബയിൽ ആക്രമണം നടന്നു എന്നാണ് റിപ്പോർട്ട്. ഈ ആക്രമണത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, വെടിനിർത്തലിന് തൊട്ടുമുൻപ് ഇറാനിലും ആക്രമണമുണ്ടായി. വടക്കൻ ഇറാനിലുണ്ടായ ആക്രമണത്തിൽ ഒരു ആണവ ശാസ്ത്രജ്ഞൻ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഇറാനില്‍ 400 പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. തിരികെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇരുപതിലേറെ പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു.