Israel- Iran Conflict: ചങ്ങാതി നന്നായാല്‍ യുദ്ധം വേണ്ട! ഇറാനും ഇസ്രായേലും തമ്മിലുള്ളത് 45 വര്‍ഷത്തിന്റെ വൈര്യം
Israel- Iran Conflict History: പെരിഫറി ഡോക്ടറിന്‍ എന്ന തന്ത്രമാണ് ഇവിടെ നടപ്പാക്കിയത്. അറബ് ഇതര മിഡില്‍ ഈസ്റ്റിലെ ന്യൂനപക്ഷ ഗ്രൂപ്പുകളുമായി ബന്ധം വളര്‍ത്തിയെടുക്കാനാണ് ഇതുവഴി ഇസ്രായേല്‍ ശ്രമിച്ചത്. ഇതോടെ തുര്‍ക്കി, ഇറാന്‍ എന്നിവയുമായി ഇസ്രായേലിന് നല്ല ബന്ധമായിരുന്നു.
ലോകരാജ്യങ്ങളെ തന്നെ വിറപ്പിച്ച് ഇസ്രായേലും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരുന്ന സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക വിരാമമായിരിക്കുകയാണ്. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതം മൂളി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേലും ഇറാനും അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെ പഴക്കമുള്ളൊരു കഥ പറയാനുണ്ട്. കഴിഞ്ഞ 45 വര്‍ഷമായി ഇരുരാജ്യങ്ങളിലും തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നേരിട്ട് ഏറ്റുമുട്ടുന്നതിന് മുമ്പ് നിഴല്‍ യുദ്ധങ്ങള്‍, ഒളി യുദ്ധങ്ങള്‍ എന്നിവ വഴിയായിരുന്നു ഇതെല്ലാം.
ചങ്ങാതിമാര്‍ ശത്രുക്കളായപ്പോള്‍
ശത്രുക്കള്‍ക്ക് പുറമെ നല്ല സുഹൃത്തുക്കളായിരുന്ന കാലം ഇറാനും ഇസ്രായേലിനുമുണ്ട്. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തെ ഏറ്റവും കൂടുതല്‍ പിന്തുണച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇറാന്‍. ബ്രിട്ടീഷ് ഭരണം 1947ല്‍ അവസാനിച്ചപ്പോള്‍ പലസ്തീന്‍ വിഷയം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയിലും ഇറാനുണ്ടായിരുന്നു.




അന്ന് മേഖലയില്‍ അക്രമം വര്‍ധിക്കുമെന്ന ആശങ്കയില്‍ പലസ്തീന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ വിഭജന പദ്ധതിക്കെതിരെ ഇറാനും വോട്ട് ചെയ്തു. അന്ന് ഇന്ത്യ, യുഗോസ്ലാവിയ എന്നീ രാജ്യങ്ങളും ഇറാനും ചേര്‍ന്ന് ബദല്‍ പദ്ധതി കൊണ്ടുവരികയും ചെയ്തു. ഒരു പാര്‍ലമെന്റും ഒരു രാജ്യവുമായി പലസ്തീനെ നിലനിര്‍ത്തുന്നതായിരുന്നു പരിഹാരം. എന്നാല്‍ അറബ്, ജൂത കന്റോണുകളായി വിഭജിക്കുന്നതിനെ കുറിച്ചും പദ്ധതിയില്‍ പറഞ്ഞിരുന്നു.
ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേല്‍ ഇറാന്‍ ഭരിച്ചിരുന്ന കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. അന്ന് പഹലവി രാജവംശം അഥവ ഷാ ഭരണകൂടം ആയിരുന്നു ഇസ്രായേല്‍ രൂപീകരണത്തിന് സഹായിച്ചത്. ഇസ്രായേലിന് രാഷ്ട്ര രൂപീകരണം നടത്താന്‍ സാധിച്ചുവെങ്കിലും മധ്യേഷ്യയില്‍ നേരിട്ടിരുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കുന്നതിനായി അടുത്ത തന്ത്രം മെനഞ്ഞു.
പെരിഫറി ഡോക്ടറിന്‍ എന്ന തന്ത്രമാണ് ഇവിടെ നടപ്പാക്കിയത്. അറബ് ഇതര മിഡില്‍ ഈസ്റ്റിലെ ന്യൂനപക്ഷ ഗ്രൂപ്പുകളുമായി ബന്ധം വളര്‍ത്തിയെടുക്കാനാണ് ഇതുവഴി ഇസ്രായേല്‍ ശ്രമിച്ചത്. ഇതോടെ തുര്‍ക്കി, ഇറാന്‍ എന്നിവയുമായി ഇസ്രായേലിന് നല്ല ബന്ധമായിരുന്നു.
എന്നാല്‍ പിന്നീട് 1951 ല്‍ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മുഹമ്മദ് മൊസാദ്ദെഗ് ഇറാന്റെ പ്രധാനമന്ത്രിയായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബ്രിട്ടന്റെ കുത്തകയായിരുന്നു അക്കാലത്ത് എണ്ണ വ്യവസായം. അദ്ദേഹം എണ്ണ വ്യവസായത്തിന്റെ ദേശസാത്കരണത്തിന് നേതൃത്വം നല്‍കി. പശ്ചാത്യ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി മൊസാദ്ദെഗ് ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ബ്രിട്ടനെ അനുകൂലിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെതിരായ നിലപാടുകള്‍ സ്വീകരിച്ചു. അതേസമയത്ത് ഇറാനിലെ രാജാവും ഭരണകൂടവും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. മൊസാദ്ദെഗിനെ പിരിച്ചുവിടാന്‍ ഷാ തീരുമാനിച്ചുവെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഷായ്ക്ക് രാജ്യം വിടേണ്ടി വന്നു.
ശേഷം യുഎസും യുകെയും ചേര്‍ന്ന് അട്ടിമറി നടത്തുകയും മൊസാദ്ദെഗിനെ രാജ്യദ്രാഹക്കുറ്റത്തിന് തടവിലാക്കുകയും ചെയ്തു. ഷായെ വീണ്ടും രാജാവായി പ്രഖ്യാപിച്ചു. ഇറാന് എണ്ണ സൗകര്യങ്ങളുടെ നാമമാത്രമായ അധികാരമാണ് അന്ന് നല്‍കിയത്.
ഷാ പിന്നീട് പാശ്ചാത്യരുടെ സഖ്യകക്ഷിയായി മാറി. ഇസ്രായേല്‍ ടെഹ്‌റാനില്‍ എംബസി സ്ഥാപിക്കുകയും 1970ല്‍ ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ കൈമാറുകയും ചെയ്തു. ഇസ്രായേലിന്റെ പ്രധാന എണ്ണ ദാതാവായി ഇറാന്‍ മാറി. ഇറാനിലെ എണ്ണ ഇസ്രായേലിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യാന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു.
ജൂതന്മാര്‍ക്ക് മാതൃരാജ്യം വേണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെയാണ് ഇറാനില്‍ ഷിയാ വിഭാഗത്തില്‍ നിന്നും സയണിസത്തിനെതിരായ നിലപാടുകള്‍ ഉടലെടുത്തത്. പിന്നീട് 1979ല്‍ അട്ടിമറിയിലൂടെ ഷായുടെ അധികാരം നഷ്ടപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പിറവിയെടുത്തു. ഇസ്ലാമിക ഭരണകൂടം അധികാരത്തിലെത്തി.
ഇതോടെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും ഇറാന്‍ വിച്ഛേദിച്ചു. ടെഹ്‌റാനിലെ ഇസ്രായേലിലെ എംബസി പലസ്തീന്‍ എംബസിയാക്കി മാറ്റി. ഇതോടെ പശ്ചിമേഷ്യയില്‍ തങ്ങളുടെ ശക്തി വളര്‍ത്താനും ഉറപ്പിക്കാനും ഇരുരാജ്യങ്ങളും ശ്രമിച്ചതോടെയാണ് ശത്രുത ആരംഭിക്കുന്നത്.