Iran Israel Conflict: രണ്ടാഴ്ചയ്ക്ക് ട്രംപ് കാത്തുനിന്നില്ല; യുഎസ് പണിപറ്റിച്ചു; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആളിക്കത്തും?
U.S. Joins Israel in Strikes on Iranian Nuclear Sites: ആണവകേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. നാശനഷ്ടങ്ങളില്ലെന്നും മൂന്ന് ആണവകേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചിരുന്നുവെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തതകള്‍ പുറത്തുവരുന്നതേയുള്ളൂ
”ഫോർഡോ, നതാൻസ്, എസ്ഫഹ എന്നിവയുൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വിജയകരമായ ആക്രമണം പൂർത്തിയാക്കി”-ഞായറാഴ്ച പുലര്‍ച്ചെ 5.23ന് (ഇന്ത്യന്‍ സമയം) ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഈ പ്രഖ്യാപനം ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസും ഭാഗമായേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിച്ചിരുന്നില്ല. ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് രണ്ട് ദിവസം മുമ്പാണ് വൈറ്റ് ഹൗസ് അറിയിച്ചത്. പറഞ്ഞതുപോലെ തന്നെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടായി. പക്ഷേ, അത് ഇത്ര പെട്ടെന്ന് സംഭവിച്ചതാണ് അപ്രതീക്ഷിതമായത്.
ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ആക്രമിക്കാനും, ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇതിന് പിന്നാലെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്ഫഹ എന്നിവ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ യുഎസ് തീരുമാനിക്കുകയായിരുന്നു.




നിലവില്‍ തങ്ങളുടെ എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നാണ് ട്രംപ് അറിയിച്ചത്. ഫോര്‍ഡോയില്‍ ബോംബുകളിട്ടെന്നും, വിമാനങ്ങള്‍ സുരക്ഷിതമായി യുഎസിലേക്ക് തിരിച്ചെത്തുകയാണെന്നും, യോദ്ധാക്കളെ അഭിനന്ദിക്കുന്നുവെന്നും ട്രംപ് കുറിച്ചു. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ട്രംപ് കുറിച്ചു. സമാധാനത്തിനുള്ള സമയമാണിതെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഭാഗമാകുന്നതില്‍ നിന്നു യുഎസ് പിന്നാക്കം പോയേക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. സംഘര്‍ഷത്തിന് അയവുണ്ടായേക്കുമെന്നും സൂചനകളുണ്ടായിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇറാന്‍ ഉടന്‍ സമ്മതിക്കുമെന്ന ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഈ സൂചനകള്‍ക്ക് ബലവും പകര്‍ന്നു. എന്നാല്‍ ഈ വിലയിരുത്തലുകളെല്ലാം തെറ്റിക്കുന്നതാണ് യുഎസ് ഇറാനെതിരെ നടത്തിയ ആക്രമണം. സംഘര്‍ഷം ആളിക്കത്തുന്നതിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
— Donald J. Trump (@realDonaldTrump) June 21, 2025
അമേരിക്ക ആക്രമിച്ചാൽ ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി നേരത്തെ വ്യക്തമാക്കിയിരുന്നു. കീഴടങ്ങണമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഖമേനി തള്ളിയിരുന്നു. ഇതിനൊപ്പം ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ ലക്ഷ്യമിടുമെന്ന് ഹൂതികളും ഭീഷണിപ്പെടുത്തി.
Read Also: US Attack On Iran: ഇറാനെ ആക്രമിച്ച് അമേരിക്ക; ആക്രമണം നടത്തിയത് ഫോർഡോ ഉൾപ്പെടെ 3 ആണവ കേന്ദ്രങ്ങളിൽ
അമേരിക്കയുടെ ആക്രമണം
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. നാശനഷ്ടങ്ങളില്ലെന്നും മൂന്ന് ആണവകേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചിരുന്നുവെന്നുമായിരുന്നു ഇറാന്റെ ആദ്യ പ്രതികരണം. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തതകള്‍ പുറത്തുവരുന്നതേയുള്ളൂ. അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് രാജ്യത്തോട് ഇന്ന് വിശദീകരിക്കുമെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.