ഗൾഫിലെ CIA രഹസ്യകേന്ദ്രങ്ങളിൽ ഇറാന്റെ കിറുകൃത്യം അടിയെത്തി; റഷ്യയുടെ കൊമേറ്റ-M -നെ സംശയിച്ച് യുഎസ്
Iran's precision attack on CIA secret sites in the Gulf: സിഐഎയുടെ ഗൾഫ് മേഖലയിലെ രഹസ്യ കേന്ദ്രങ്ങൾക്ക് നേരേ ശക്തവും കൃത്യവുമായ ഡ്രോൺ ആക്രമണങ്ങളാണ് ഇറാൻ നേരത്തെ നടത്തിയത്. ഇതിന്റെ കൃത്യത കണക്കിലെടുക്കുമ്പോൾ റഷ്യൻ സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്ന് അമേരിക്ക സംശയിക്കുന്നതായി റോയിട്ടേഴ്സിന്റെ ഉൾപ്പെടെ പുതിയ റിപ്പോർട്ടുകൾ പറയുന്നു.

Iran's Precision Attack On Cia Secret Sites In The Gulf
വാഷിങ്ടൺ: ഗൾഫ് മേഖലയിൽ തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസിയുടെ (സിഐഐ) രഹസ്യ കേന്ദ്രങ്ങൾക്ക് നേരേ ഇറാൻ നടത്തുന്ന കിറുകൃത്യം ആക്രമണങ്ങളിൽ അമേരിക്കയ്ക്ക് ഞെട്ടലെന്ന് റിപ്പോർട്ട്. ലോകത്തിലെ വച്ച് ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നാണ് സിഐഎ. ആ സിഐഎയുടെ ഗൾഫ് മേഖലയിലെ രഹസ്യ കേന്ദ്രങ്ങൾക്ക് നേരേ ശക്തവും കൃത്യവുമായ ഡ്രോൺ ആക്രമണങ്ങളാണ് ഇറാൻ നേരത്തെ നടത്തിയത്. ഇതിന്റെ കൃത്യത കണക്കിലെടുക്കുമ്പോൾ റഷ്യൻ സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്ന് അമേരിക്ക സംശയിക്കുന്നതായി റോയിട്ടേഴ്സിന്റെ ഉൾപ്പെടെ പുതിയ റിപ്പോർട്ടുകൾ പറയുന്നു. ഗൾഫിലെ സിഐഎ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ സംബന്ധിച്ച് യുഎസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിയിലെ സിഐഎ കേന്ദ്രവും കിഴക്കൻ ഇറാഖിലെ മറ്റൊരു സിഐഎ കേന്ദ്രവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽക്കൂടുതൽ സിഐഎ കേന്ദ്രങ്ങളിൽ ഇറാന്റെ ആക്രമണം ഉണ്ടായതായും എന്നാൽ ഓഫീസുകളുടെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് ആക്രമണം നേരിട്ട കൂടുതൽ കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read: പന്ത്രണ്ടാം രാത്രിയിലും ഇറാന് പ്രഹരം, ആക്രമണം തുടർന്ന് യുഎസ്; കുവൈറ്റിൽ ഡ്രോൺ മഴ
ഏതാണ്ട് പന്ത്രണ്ടോളം സിഐഎ കേന്ദ്രങ്ങൾക്ക് നേരേ ഇറാന്റെ ആക്രമണം ഉണ്ടായി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉള്ളത്. അതിവിദഗ്ധമായ രീതിയിലാണ് ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് എതിരേയുള്ള ആക്രമണങ്ങൾ ഇറാൻ നടപ്പിലാക്കിയത് എന്നാണ് യുഎസ് നിരീക്ഷണം. ഇതിന് റഷ്യൻ സഹായം കിട്ടിയതായി അവർ സംശയിക്കുന്നു.
ആക്രമണങ്ങൾ നടന്ന രീതിയും അവയുടെ കൃത്യതയും ആണ് റഷ്യൻ സഹായം ഇറാന് ലഭിച്ചു എന്ന് സംശയിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. അമേരിക്കയുടെ കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വയ്ക്കാനുള്ള സാങ്കേതിക മികവ് ലോകത്ത് അധികം രാജ്യങ്ങൾക്ക് ഇല്ല. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ റഷ്യൻ സഹായം ഇറാന് ലഭിച്ചിട്ടുണ്ടാകാം എന്ന അമേരിക്കൻ സംശയം ബലപ്പെടുന്നു.
റിയാദിലെ യുഎസ് എംബസി ആക്രമിക്കാൻ ഇറാൻ തങ്ങളുടെ ഷാഹിദ്-136 ഡ്രോണുകളിൽ രണ്ടെണ്ണമാണ് ഉപയോഗപ്പെടുത്തിയത്. ഇതിൽ ആദ്യത്തെ ഡ്രോൺ എംബസി കെട്ടിടത്തിന്റെ ദുർബലമായ ഒരു ഭാഗത്ത് വലിയൊരു ദ്വാരമുണ്ടാക്കി. തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ ഡ്രോൺ കൃത്യമായി ആ ദ്വാരത്തിലൂടെ അകത്തേക്ക് കടന്ന് സ്ഫോടനം നടത്തി എന്നാണ് നിഗമനം. ഈ കൃത്യത യുഎസിനെ ഞെട്ടിച്ചു.
ഷാഹിദ്-136 ഡ്രോണിൽ റഷ്യയുടെ ‘കോമെറ്റ-എം’ (Kometa-M) എന്ന അത്യാധുനിക സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഘടിപ്പിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. സിഗ്നൽ ജാമിങ്ങുകളെ പ്രതിരോധിച്ച് ലക്ഷ്യസ്ഥാനം കൃത്യമായി ആക്രമിക്കാൻ ഇത് ഇറാന് തുണയായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനുള്ള വിവരങ്ങളോ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയോ റഷ്യ ഇറാന് കൈമാറിയോയെന്ന് യുഎസ് അന്വേഷിക്കുന്നുണ്ട്.
എന്നാൽ ഇറാന് സഹായം നൽകുന്നുണ്ടെന്ന ആരോപണങ്ങൾ റഷ്യൻ അധികൃതർ തള്ളിക്കളഞ്ഞിട്ടുണ്ട്. കൂടുതൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ റഷ്യയുടെ പങ്ക് സംബന്ധിച്ച് അന്തിമമായ തീരുമാനങ്ങളിൽ എത്തൂ എന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളും പറയുന്നുണ്ട്. എന്തായാലും സിഐഎ കേന്ദ്രങ്ങൾ ആക്രമിക്കാൻ റഷ്യൻ സഹായം ഇറാന് ലഭിച്ചു എന്ന് തെളിഞ്ഞാൽ അന്താരാഷ്ട്ര തലത്തിൽ പുതിയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ അത് ഇടയാക്കുകയും ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.
English Summary
Iran has previously carried out powerful and accurate drone attacks on CIA secret sites in the Gulf region. Given the accuracy of these attacks, the US is suspicious that Iran is receiving Russian assistance, according to new reports, including Reuters. The reports claim that there are indications that the Iranian Shahid-136 drone has been equipped with a sophisticated Russian satellite navigation system called ‘Kometa-M’, and the US is investigating this.