Israel-Hamas War: ബന്ദികളെ എല്ലാം ഇസ്രായേല്‍ ബലി കൊടുത്തു, ഹമാസ് നല്‍കിയ ഉറപ്പിലായിരുന്നു അതിജീവനം; അനുഭവം പങ്കുവെച്ച് ഇസ്രായേലി യുവതി
Israel Women shares Her Experience: ഇസ്രായേലും ഹമാസും തമ്മില്‍ നവംബറിലുണ്ടായ ഹ്രസ്വകാല കരാറിന്റെ ഭാഗമായാണ് അറ്റ്‌സിലി തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. ഹമാസ് തങ്ങളോട് ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ ഒരു മറുവശത്ത് നിന്ന് നോക്കുമ്പോള്‍ അവര്‍ മാനുഷികമായി പെരുമാറി എന്നത് എടുത്തുപറയേണ്ടതാണ്.
ജെറുസലേം: ഹമാസ് ബന്ദിയാക്കിയതിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഇസ്രായേലി യുവതി. തടവിലാക്കപ്പെട്ട സമയത്ത് ഹമാസ് അംഗങ്ങളുമായി സംസാരിച്ചതിനെ കുറിച്ചും അവര്‍ പെരുമാറിയ രീതിയെ കുറിച്ചുമാണ് യുവതി തുറന്നുപറഞ്ഞിരിക്കുന്നത്. ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അറ്റ്‌സിലി എന്ന യുവതി തന്റെ അനുഭവം പങ്കുവെച്ചത്.
ഹാമസ് അംഗങ്ങളുമായി നടത്തിയ സംഭാഷണങ്ങളാണ് തന്നെ തടങ്കലില്‍ അതിജീവിക്കാന്‍ സഹായിച്ചതെന്ന് അവര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് പിടികൂടിയ 250 ബന്ദികള്‍ക്കൊപ്പമാണ് അറ്റ്‌സിലിയും ഉള്‍പ്പെട്ടിരുന്നത്.
Also Read: Abu Dhabi Parking Fee: അബുദാബിയില്‍ മൂന്നിടങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് വരുന്നു
‘ഹമാസ് പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല. പക്ഷെ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടില്ല. പേടിക്കേണ്ട ഞങ്ങള്‍ ഉപദ്രവിക്കില്ലെന്നാണ് പറഞ്ഞത്. എനിക്ക് ധരിക്കാനുള്ള വസ്ത്രവും അവര്‍ തന്നിരുന്നു. എന്നാല്‍ എനിക്ക് പേടിയുണ്ടായിരുന്നതിനാല്‍ ഒന്നുംതന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് എന്നെ ബന്ദിയാക്കി കൊണ്ടുപോകുന്നതിന് മുമ്പ് എന്റെ കണ്ണട തിരഞ്ഞെടുക്കാനും അവര്‍ സഹായിച്ചിരുന്നു.
ഹോളോകോസ്റ്റ് സമയത്ത് നാസി ജര്‍മനി ചെയ്തതുപോലെ അവര്‍ ഞങ്ങളെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ ഉപദ്രവിക്കില്ലെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. തടങ്കലിലായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് കാവല്‍ നിന്ന ഹമാസ് പോരാളികളുമായി ഒരുപാട് സമയം സംസാരിക്കാറുണ്ടായിരുന്നു,’ യുവതി പറഞ്ഞു.
ബന്ദിയാക്കിയ സമയത്ത് ഞങ്ങളെല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ ഹമാസിന് ഇസ്രായേലുമായി ഒരു കരാര്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും അതുവരെ ഞങ്ങളെ സംരക്ഷിക്കുകയാണ് അവരുടെ ജോലിയെന്നും കാവല്‍ നിന്നവര്‍ പറഞ്ഞു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ ഞങ്ങളെ ഉപദ്രവിക്കില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. കാവല്‍ നിന്നവരില്‍ ഒരാള്‍ അഭിഭാഷകനായിരുന്നുവെന്നും അറ്റ്‌സിലി അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇസ്രായേലും ഹമാസും തമ്മില്‍ നവംബറിലുണ്ടായ ഹ്രസ്വകാല കരാറിന്റെ ഭാഗമായാണ് അറ്റ്‌സിലി തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത്. ഹമാസ് തങ്ങളോട് ചെയ്തത് തെറ്റ് തന്നെയാണ് പക്ഷെ ഒരു മറുവശത്ത് നിന്ന് നോക്കുമ്പോള്‍ അവര്‍ മാനുഷികമായി പെരുമാറി എന്നത് എടുത്തുപറയേണ്ടതാണ്. തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടിരുന്നു. എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തന്നെയോ കുടുംബത്തെയോ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിക്കാതിരിക്കുമ്പോള്‍ ഗസയിലെ ജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. എന്നാല്‍ തന്റെ സര്‍ക്കാര്‍ അതിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് ബന്ദികളെ ബലിയര്‍പ്പിച്ചെന്നും അറ്റ്‌സിലി കുറ്റപ്പെടുത്തി.
അതേസമയം, ഇസ്രായേലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെ തുടര്‍ന്ന് ഖാന്‍ യൂനിസിലെ മെഡിക്കല്‍ സെന്ററുകള്‍ അടച്ചുപൂട്ടിയതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. പ്രദേശത്ത് തീവ്രവാദം വര്‍ധിച്ചതിനാലാണ് ഒഴിപ്പിക്കല്‍ നടത്തുന്നതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം.