Israel-Iran Conflict: യുഎസ് ബോംബെര്‍ ജെറ്റുകള്‍ യുദ്ധക്കളത്തിലേക്ക്; ഇറാനോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ട്രംപ്
Israel-Iran Conflict Updates: റോയല്‍ എയര്‍ഫോഴ്‌സ് ലേക്കന്‍ഹീത്തില്‍ നിന്നും എഫ് 35 എന്ന യുദ്ധവിമാനം ഇസ്രായേയിലേക്ക് പുറപ്പെട്ടതായാണ് അമേച്വര്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എഫ് 35, എഫ് 16, എഫ് 22 എന്ന യുദ്ധവിമാനങ്ങള്‍ യുഎസ് വിന്യസിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

ടെല്‍ അവീവ്: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടെ യുഎസ് യുദ്ധവിമാനങ്ങള്‍ യുകെ ബേസില്‍ നിന്നും ഇസ്രായേലിലേക്ക് എത്തിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ ഇംഗ്ലണ്ടിലെ താവളത്തില്‍ നിന്നും യുദ്ധവിമാനങ്ങള്‍ പറന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റോയല്‍ എയര്‍ഫോഴ്‌സ് ലേക്കന്‍ഹീത്തില്‍ നിന്നും എഫ് 35 എന്ന യുദ്ധവിമാനം ഇസ്രായേയിലേക്ക് പുറപ്പെട്ടതായാണ് അമേച്വര്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എഫ് 35, എഫ് 16, എഫ് 22 എന്ന യുദ്ധവിമാനങ്ങള്‍ യുഎസ് വിന്യസിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇവയ്‌ക്കൊപ്പം ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കറും ഉള്‍പ്പെട്ടതായാണ് വിവരം.
ഇറാനെതിരെ യുദ്ധം ചെയ്യുകയാണെങ്കില്‍ 2001ന് ശേഷം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന മൂന്നാമത്തെ യുദ്ധമായിരിക്കും ഇതെന്ന് സെനറ്റര്‍ ടിം കെയ്ന്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കാതെ ട്രംപിന് ഇറാനെതിരെ ആക്രമണങ്ങള്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




ഇറാനുമായുണ്ടാകുന്ന യുദ്ധം രാജ്യം ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമെന്നും ഇത് മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങള്‍ നേരെ വ്യാപകമായി ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ നിരുപാധികമായ കീഴടങ്ങലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്. ഖാംനഇ ഇപ്പോഴത്തേക്ക് മാത്രം സുരക്ഷിതനാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതിനിടെ, ടെഹ്‌റാനിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനിലെ ഡിസ്ട്രിക്ട് 18ലെ താമസക്കാര്‍ക്ക് ഉടന്‍ ഒഴിഞ്ഞ് പോകുന്നതിനുള്ള മുന്നറിയിപ്പ് ഐഡിഎഫ് നല്‍കിയിരുന്നു. തങ്ങള്‍ ആക്രമണം ശക്തമാക്കുകയാണെന്നാണ് ഇസ്രായല്‍ പറയുന്നത്.