Israel-Iran Conflict: ടെഹ്‌റാന്റെ മേല്‍ പൂര്‍ണ വ്യോമനിയന്ത്രണം നേടിയതായി അവകാശപ്പെട്ട് ഇസ്രായേല്‍; ചാനലിന് നേരെ ആക്രമണം
Israel-Iran Conflict Updates: ഇറാന്‍ ക്രിമിനല്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കുകയാണ്. ടെഹ്‌റാനിലെ പൗരന്മാരോട് ഞങ്ങള്‍ പറയുന്നു, പുറത്തിറങ്ങൂ, ഞങ്ങള്‍ ആക്രമണം നടത്തും എന്നും നെതന്യാഹു പറഞ്ഞു.
ടെഹ്‌റാന്: ഇറാനിലെ ടെഹ്‌റാന്റെ പൂര്‍ണ വ്യോമനിയന്ത്രണം ഇസ്രായേല്‍ നേടിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെഹ്‌റാന് മുകളിലുള്ള വ്യോമാതിര്‍ത്തി നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുക്കുന്നത് മുഴുവന്‍ സൈനിക ശക്തിയിലെ മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു.
ഇറാന്‍ ക്രിമിനല്‍ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കുകയാണ്. ടെഹ്‌റാനിലെ പൗരന്മാരോട് ഞങ്ങള്‍ പറയുന്നു, പുറത്തിറങ്ങൂ, ഞങ്ങള്‍ ആക്രമണം നടത്തും എന്നും നെതന്യാഹു പറഞ്ഞു.
ടെഹ്‌റാനില്‍ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാനാണ് നെതന്യാഹു ഇറാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്നത്. ടെഹ്‌റാനിലെ ഡിസ്ട്രിക്ട് മൂന്നിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഐഡിഎഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ ആരംഭിക്കും മുമ്പ് ഒഴിഞ്ഞുപോകൂവെന്നാണ് ഐഡിഎഫ് പറഞ്ഞത്.




ടെഹ്‌റാനില്‍ ഇതുവരെ ഉണ്ടായത് പോലുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തും. ഇറാനിയന്‍ ഭരണകൂടത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ സൈന്യം ഒരുങ്ങുകയാണെന്നും ഐഡിഎഫ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇറാനിലെ ഭരണമാറ്റം ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഇസ്രായേലിന് നേരെയുള്ള ഭീഷണി നീക്കം ചെയ്യുക എന്നതാണ് തങ്ങളുടെ സൈനിക ലക്ഷ്യം. ഇസ്രായേലിന് മുകളിലുള്ള ആണവ ബോംബിന്റെയും ബാലിസ്റ്റിക് മിസൈലുകളുടെയും ഭീഷണി ഇല്ലാതാക്കുക, ഭീകരതയുടെ വ്യാപനം ഇല്ലാതാക്കുക എന്നിവയ്ക്ക് വേണ്ടിയാണ് തങ്ങളുടെ ശ്രമമെന്നും ഡെഫ്രിന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Israel Strikes Iran: ‘ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം’; പുടിന്‍ ആവശ്യപ്പെട്ടതായി ട്രംപ്
ഭരണമാറ്റം ആഗ്രഹിക്കുന്നത് ഇറാനിയന്‍ ജനതയാണ്, അല്ലാതെ തങ്ങളല്ല. ഞങ്ങള്‍ നീക്കം ചെയ്യുന്നത് ഭീഷണിയാണ്. അതുകൊണ്ടാണ് ഇറാനിലേക്ക് വഴിയൊരുക്കിയത്. ഇറാന്റെ ആണവശേഷി വികസനം തടഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ എന്നും ഡെഫ്രിന്‍ മാധ്യമങ്ങളോട് ചോദിച്ചു.
അതേസമയം, ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ചാനലിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. തത്സമയ വാര്‍ത്താ അവതരണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ബോംബ് വീണതിന് പിന്നാലെ അവതാരക സീറ്റില്‍ നിന്നിറങ്ങി പോകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ടെഹ്‌റാന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായും വിവരമുണ്ട്.