AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran Israel Conflict: ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍; ഖമേനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു

Israel-Iran conflict intensifies: എല്ലാവരോടും ടെഹ്‌റാനിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ അമേരിക്കയുമായി ഒരു ആണവ കരാറിൽ ഒപ്പുവെക്കണമായിരുന്നുവെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു

Iran Israel Conflict: ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍; ഖമേനിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു
ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സ്ഥലം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Jun 2025 | 06:46 AM

റാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ടെഹ്‌റാനില്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ഏകദേശം 95 ലക്ഷം പേരാണ് ടെഹ്‌റാനില്‍ താമസിക്കുന്നത്. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമില്ലെന്നും, എന്നാല്‍ ആക്രമണങ്ങളുടെ ഭാഗമായി അത് സംഭവിച്ചാല്‍ അതിശയിക്കേണ്ടതില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്നും എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.

ഇറാനിലെ ഒരു ടെലിവിഷന്‍ ചാനലിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംപ്രേക്ഷണം താല്‍ക്കാലികമായി തടസപ്പെട്ടു. പിന്നീട് ചാനലിന്റെ പ്രവര്‍ത്തനം മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ടെഹ്‌റാന്റെ വ്യോമ നിയന്ത്രണം പിടിച്ചെടുത്തെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിനാണ് ഇക്കാര്യം പറഞ്ഞത്. ഇറാനിലെ 120 ലധികം ഉപരിതല-ഉപരിതല മിസൈൽ ലോഞ്ചറുകൾ, രണ്ട് എഫ്‌-14 വിമാനങ്ങള്‍ എന്നിവ തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു.

ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഒരു ഉന്നത വിഭാഗമായ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ കീഴിലുള്ള ടെഹ്‌റാനിലെ 10 കമാൻഡ് സെന്ററുകൾ യുദ്ധവിമാനങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാന്റെ പ്രധാന വാതക ഉൽപാദന കേന്ദ്രമായ സൗത്ത് പാർസിൽ മൂന്ന് ഡ്രോണുകൾ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഏകദേശം 100 മിസൈലുകൾ വിക്ഷേപിച്ചെന്നാണ് ഇറാന്റെ അവകാശവാദം. തിങ്കളാഴ്ച പുലർച്ചെ തൊട്ടുമുമ്പ് ടെൽ അവീവിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിയൻ മിസൈലുകൾ വടക്കൻ നഗരമായ ഹൈഫയിലെ ഒരു എണ്ണ ശുദ്ധീകരണശാലയിൽ പതിച്ചു.

Read Also: Israel-Iran Conflict: ടെഹ്‌റാന്റെ മേല്‍ പൂര്‍ണ വ്യോമനിയന്ത്രണം നേടിയതായി അവകാശപ്പെട്ട് ഇസ്രായേല്‍; ചാനലിന് നേരെ ആക്രമണം

ഇറാന്‍ ഇസ്രായേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് എട്ടു പേരെങ്കിലും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഇസ്രായേലില്‍ 24 പേര്‍ കൊല്ലപ്പെടുകയും, അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുനൂറിലേറെ പേരാണ് ഇറാനില്‍ മരിച്ചത്. ഇറാനിൽ 1,277 പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ടെഹ്‌റാനില്‍ നിന്നു ഒഴിയണമെന്ന് ട്രംപ്‌

എല്ലാവരോടും ടെഹ്‌റാനിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ അമേരിക്കയുമായി ഒരു ആണവ കരാറിൽ ഒപ്പുവെക്കണമായിരുന്നുവെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.