Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്
Israel Iran Conflict Intensifies After Strikes on Tehran, Isfahan and Tabriz: ഇറാനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് നീക്കം. ഇറാനുമായി യുഎസ് ഉണ്ടാക്കുന്ന ഏതൊരു കരാറും ഇസ്രായേലും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടെഹ്‌റാന്‍: ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയായി മിസൈല്‍-ബോംബാക്രമണങ്ങള്‍ നടത്തി ഇസ്രായേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും തബ്രിസ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. യെമനില്‍ നിന്നും തങ്ങളെ ലക്ഷ്യമാക്കിയെത്തിയ ഒരു മിസൈല്‍ തടഞ്ഞതായും ഇസ്രായേല്‍ പറഞ്ഞു.
ഇറാനെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് നീക്കം. ഇറാനുമായി യുഎസ് ഉണ്ടാക്കുന്ന ഏതൊരു കരാറും ഇസ്രായേലും അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ മഹ്ഷഹറിലെ പെട്രോകെമിക്കല്‍ സമുച്ചയങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇറാന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, മഹ്ഷഹര്‍ നഗരത്തിലെ കരുണ്‍ പെട്രോകെമിക്കല്‍ കമ്പനി ഇസ്രായേല്‍ സൈന്യം ആക്രമിച്ചുവെന്ന് ഖുസെസ്ഥാന്‍ ഗവര്‍ണറേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫാര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. നാശനഷ്ടങ്ങളുണ്ടെങ്കിലും ആളപായമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബെയ്‌റൂട്ടിന് പകരം ടെല്‍ അവീവ്
ഞായറാഴ്ച രാത്രിയോടെയാണ് ഇസ്രായേലിനെതിരായ ആക്രമണം ഇറാന്‍ ആരംഭിച്ചത്. ഏപ്രില്‍ 8ന് ഇരുരാജ്യങ്ങളും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. ഇറാനില്‍ നിന്നുമയച്ച ഒന്നിലധികം മിസൈലുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഹൈഫ, സിസേറിയ, ഹദേര തുടങ്ങിയ വടക്കന്‍-മധ്യ ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണുകള്‍ മുഴങ്ങി. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് തങ്ങള്‍ നല്‍കിയതെന്നാണ് ഇറാന്റെ പ്രതികരണം.
ട്രംപിന് പുല്ലുവില
ഇറാനെ ആക്രമിക്കരുതെന്ന യുഎസിന്റെ നിര്‍ദേശം അവഗണിച്ചാണ് ഇസ്രായേല്‍ നടപടി. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരിസമാപ്തിയിലേക്ക് കടക്കുന്ന ഘട്ടത്തിലുണ്ടായ ആക്രമണം പശ്ചിമേഷ്യന്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമാക്കും. ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ ഉടനൊരു കരാറിന് ഇറാന്‍ തയാറാകാനും സാധ്യതയില്ല.
Also Read: Iran Israel Attack: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും
എന്നാല്‍ ഇസ്രായേലും ഇറാനും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തന്റെ സമാധാന കരാറിനെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ട്രംപ്. അത്തരമൊരു കരാറിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ നെതന്യാഹു എടുക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. നെതന്യാഹുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തി.
സൈനിക പിന്തുണ വെട്ടിക്കുറച്ചേക്കും
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുഎസ് താത്പര്യങ്ങള്‍ക്കൊപ്പം നിര്‍ത്തണമെങ്കില്‍ സൈനിക പിന്തുണ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നെതന്യാഹവിനെ തടയണമെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയും യുഎസ് താത്പര്യങ്ങളുടെയും കൂടെ അദ്ദേഹം നില്‍ക്കാന്‍ തയാറാകണം. അല്ലാതെ ഒരു ഫോണ്‍ കോള്‍ മാത്രം ചെയ്തതുകൊണ്ട് നെതന്യാഹുവിനെ തടയാന്‍ സാധിക്കില്ലന്ന് ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്‌പോണ്‍സിബിള്‍ സ്‌റ്റേറ്റ്ക്രാഫ്റ്റിന്റെ സഹസ്ഥാപകയായ ട്രിത പാര്‍സി പറഞ്ഞു.
English Summary
Israel reportedly carried out strikes in Tehran, Isfahan and Tabriz, further escalating tensions with Iran. At the same time, a missile launched from Yemen triggered air raid alerts in Tel Aviv, highlighting the growing security challenges across the Middle East.