Jimmy Carter : യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു; നൂറ് വയസു വരെ ജീവിച്ച ആദ്യ അമേരിക്കന്‍ ഭരണസാരഥി
Former US President Jimmy Carter Passes Away : 1924 ഒക്ടോബര്‍ ഒന്നിന് ബെസ്സി ലിലിയൻ ഗോർഡിയുടെയും ജെയിംസ് ഏൾ കാർട്ടർ സീനിയറിൻ്റെയും മകനായി ജനനം. കാർട്ടറിൻ്റെ പിതാവ് മുമ്പ് ഒന്നാം ലോകമഹായുദ്ധസമയത്ത് യുഎസ് ആർമി ക്വാർട്ടർമാസ്റ്റർ കോർപ്സിൽ റിസർവ് സെക്കൻഡ് ലെഫ്റ്റനൻ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോർജിയയിലെ പ്ലെയിൻസിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. 1946ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ബിരുദം നേടി. അക്കാദമിയില്‍ വച്ച് തന്റെ സഹോദരി റൂത്തിന്റെ സുഹൃത്തായിരുന്ന റോസലിന്‍ സ്മിവുമായി കാര്‍ട്ടര്‍ പ്രണയത്തിലായി. 1946ല്‍ ഇരുവരും വിവാഹിതരായി

ജിമ്മി കാര്‍ട്ടര്‍
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. യുഎസിന്റെ 39-ാമത്തെ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ നോബേല്‍ പുരസ്‌കാര ജേതാവ് കൂടിയാണ്. കാന്‍സര്‍ ബാധിതനായിരുന്നെങ്കിലും രോഗത്തെ അതിജീവിച്ചിരുന്നു. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. ഡെമോക്രാറ്റ് നേതാവാണ് ജിമ്മി കാര്‍ട്ടര്‍. 1977 മുതല്‍ 1981 വരെയാണ് അദ്ദേഹം യുഎസ് പ്രസിഡന്റായത്. 100 വയസ് വരെ ജീവിച്ച ആദ്യ യുഎസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. 1978ല്‍ ഇന്ത്യയിലെത്തിയിരുന്നു. 2023 നവംബറിലാണ് ഭാര്യ റോസലിന്‍ മരിച്ചത്. 95-ാം വയസിയാരുന്നു റോസലിന്റെ വിയോഗം.
2002ലാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും ആഗോള സമാധാനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം. ജോര്‍ജിയയിലാണ് അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്നത്. ജോര്‍ജിയ ഗവര്‍ണറായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2023 മുതല്‍ ഹോസ്പിസ് കെയറിലായിരുന്നു ഇദ്ദേഹം.
1924 ഒക്ടോബര്‍ ഒന്നിന് ബെസ്സി ലിലിയൻ ഗോർഡിയുടെയും ജെയിംസ് ഏൾ കാർട്ടർ സീനിയറിൻ്റെയും മകനായി ജനനം. കാർട്ടറിൻ്റെ പിതാവ് മുമ്പ് ഒന്നാം ലോകമഹായുദ്ധസമയത്ത് യുഎസ് ആർമി ക്വാർട്ടർമാസ്റ്റർ കോർപ്സിൽ റിസർവ് സെക്കൻഡ് ലെഫ്റ്റനൻ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോർജിയയിലെ പ്ലെയിൻസിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. 1946ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ബിരുദം നേടി. അക്കാദമിയില്‍ വച്ച് തന്റെ സഹോദരി റൂത്തിന്റെ സുഹൃത്തായിരുന്ന റോസലിന്‍ സ്മിവുമായി കാര്‍ട്ടര്‍ പ്രണയത്തിലായി. 1946ല്‍ ഇരുവരും വിവാഹിതരായി. പിന്നീട് കാര്‍ട്ടര്‍ യുഎസ് നാവികസേനയുടെ സബ്മറൈന്‍ സര്‍വീസില്‍ ചേര്‍ന്നു. സൈനികസേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയും, കുടുംബത്തിന്റെ ‘പീനട്ട് ബിസിനസ്’ ശക്തിപ്പെടുത്തുകയും ചെയ്തു.
വംശീയ വേര്‍തിരിവിനെതിരെ പ്രവര്‍ത്തിച്ച അദ്ദേഹം സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിനെ പിന്തുണച്ചു. 1976ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റും റിപ്പബ്ലിക്കന്‍ നേതാവുമായിരുന്ന ജെറാൾഡ് ഫോർഡിനെ പരാജയപ്പെടുത്തി. വില നിയന്ത്രണം, പുതിയ സാങ്കേതിക വിദ്യ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു ദേശീയ ഊര്‍ജ്ജ നയം കാര്‍ട്ടര്‍ സൃഷ്ടിച്ചു.
ക്യാമ്പ് ഡേവിഡ് ഉടമ്പടി, പനാമ കനാൽ ഉടമ്പടി, സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ചർച്ചകള്‍ തുടങ്ങിയവയില്‍ പ്രധാന പങ്കു വഹിച്ചു. യുഎസ് ഊർജ്ജ വകുപ്പും വിദ്യാഭ്യാസ വകുപ്പും സ്ഥാപിച്ചത് കാര്‍ട്ടര്‍ ഭരണകൂടമാണ്. ഇറാനിയൻ ബന്ദി പ്രതിസന്ധി, ത്രീ മൈൽ ഐലൻഡ് അപകടം, നിക്കരാഗ്വൻ വിപ്ലവം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം എന്നിവ മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധി തുടങ്ങിയവ തിരിച്ചടിയായി. 1980 ലെ ഡെമോക്രാറ്റിക് പ്രൈമറികളിൽ കാർട്ടർ ടെഡ് കെന്നഡിയെ പരാജയപ്പെടുത്തിയെങ്കിലും, പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവ് റൊണാൾഡ് റീഗനോട് പരാജയപ്പെട്ടു.
പ്രസിഡന്റ് കാലാവധിക്ക് ശേഷവും അദ്ദേഹം പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് അദ്ദേഹം കാര്‍ട്ടര്‍ സെന്റര്‍ സ്ഥാപിച്ചു. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്ന എന്ന നോണ്‍ പ്രൊഫിറ്റ് ഹൗസിംഗ് ഓർഗനൈസേഷന്റെയും ഭാഗമായിരുന്നു അദ്ദേഹം.