Kash Patel: സത്യപ്രതിജ്ഞ ഭഗവത് ഗീത കയ്യിൽ വച്ച്; എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേൽ ചുമതലയേറ്റു
Kash Patel - Bhagvad Gita: ഭഗവത് ഗീത കയ്യിൽ വച്ച് പുതിയ എഫ്ബിഐ ഡയറക്ടറായി സ്ഥാനമേറ്റ് കാഷ് പട്ടേൽ. വാഷിംഗ്ടണിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിച്ചു.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. വാഷിംഗ്ടണിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഭഗവത് ഗീത കയ്യിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഇങ്ങനെ ഒരു അവസരം നൽകിയതിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
സഹോദരിയ്ക്കും ജീവിതപങ്കാളിയ്ക്കുമൊപ്പമാണ് കാഷ് പട്ടേക് സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. “ഈ സ്ഥാനം അലങ്കരിച്ചവരിൽ ഏറ്റവും മികച്ച ആളുകളിൽ പെട്ട ആലാവും കാഷ് പട്ടേൽ എന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു.
ഗുജറാത്ത് സ്വദേശികളാണ് കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍. 1970 കളുടെ തുടക്കത്തില്‍ ആദ്യം ഉഗാണ്ടയിലേക്കും പിന്നീട് കാനഡയിലേക്കും അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ കുടിയേറുകയായിരുന്നു. തുടര്‍ന്നാണ് ഇവർ യുഎസിലേക്കെത്തിയത്. ന്യൂയോർക്കിലെ ഗാര്‍ഡന്‍ സിറ്റിയിൽ ജനിച്ച അദ്ദേഹം പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടി. ക്രിസ്റ്റഫര്‍ വ്രേ സ്ഥാനമൊഴിയുമ്പോൾ ആ ഒഴിവിലേക്കാണ് കാഷ് പട്ടേല്‍ എത്തുന്നത്.
Also Read: Kash Patel: ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യൻ വംശജൻ, ഇനി എഫ്ബിഐയുടെ ഡയറക്ടർ; ആരാണ് കാഷ് പട്ടേൽ?
അവിവാഹിതനായ കാഷ് പട്ടേൽ ആദ്യ ട്രംപ് സർക്കാരിൽ വിവിധ ചുമതലകൾ വഹിച്ചു. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കലാണ് എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേലിൻ്റെ ആദ്യ ചുമതല. തോക്ക് കൊണ്ടുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണ്. ക്രിമിനല്‍ സംഘങ്ങളെയും യു എസ് അതിര്‍ത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്തും പ്രതിരോധിക്കുക എന്നതും ഇദ്ദേഹത്തിൻ്റെ പ്രധാന ചുമതലകളിൽ പെടുന്നു. പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടര്‍, നാഷനല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന പദവികളാണ് ആദ്യ ട്രംപ് സർക്കാരിൽ കാഷ് പട്ടേൽ വഹിച്ചിരുന്നത്.
49നെതിരെ 51 വോട്ടുകൾ നേടിയാണ് കാഷ് പട്ടേൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഡയറക്ടറായി ചുമതലയേറ്റത്. എഫ്ബിഐയുടെ 9ആം ഡയറക്ടറാണ് കാഷ് പട്ടേൽ.