Pope Francis Health Updates: ‘അപകടനില തരണം ചെയ്തിട്ടില്ല; ശ്വാസം മുട്ടലുണ്ട്; ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരും’; പോപ്പിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ
Pope Francis Health Updates:മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ശ്വാസം മുട്ടലുണ്ടെന്ന് റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടർമാർ. മാർപാപ്പ അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും ഇനി ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു. മാർപാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ശ്വാസം മുട്ടലുണ്ടെന്ന് റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് അതീവ് ശ്രദ്ധ നൽകണം, കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽ ചെയറിൽ ഇരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഔദ്യോഗിക കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. തന്റെ ആരോഗ്യ സ്ഥിതിയില്‍ ഒന്നും മറച്ചുവയ്ക്കരുതെന്നും വിവരങ്ങള്‍ കൃത്യമായി ലോകത്തെ അറിയിക്കണമെന്നും പാപ്പ നിര്‍ദേശിച്ചതായി ഡോക്ടര്‍ വ്യക്തമാക്കി.
കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയ്ക്ക് പിന്നീട് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ കണ്ടെത്തുകയായിരുന്നു. തുടർന്ന് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണമാകുകയായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിച്ച് തിരികെ എത്താൻ പ്രത്യേകം പ്രാർഥിക്കണമെന്ന് വിശ്വാസികളോട് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഭ്യർഥിച്ചിരുന്നു.
ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവർത്തകരുമായി പോപ്പ് സംസാരിച്ചെന്നും വത്തിക്കാൻ അറിയിച്ചു. മാർപാപ്പ സ്വയം എഴുന്നേറ്റിരുന്ന് പ്രഭാതഭക്ഷണം കഴിച്ചതായി വത്തിക്കാൻ അറിയിച്ചു. യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ സാധിക്കുന്നുണ്ടെന്നും രാത്രി നന്നായി ഉറങ്ങുകയും ചെയ്യുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി അറിയിച്ചിട്ടുമുണ്ടെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.
അതേസമയം അന്ന് തന്നെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. തുടർന്ന് 20 മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു. എത്രയും പെട്ടെന്ന് രോഗമുക്തിയുണ്ടാകട്ടെയെന്നും ജോര്‍ജിയ മെലോണി പറഞ്ഞിരുന്നു.