ആ മോഹം മാറ്റിവയ്ക്കാം; ഇന്ത്യക്കാര്‍ക്ക് നിരാശ വാര്‍ത്ത സമ്മാനിച്ച് യുകെ പ്രധാനമന്ത്രി
വ്യാപാര കരാറുമായി വിസകൾക്ക് ബന്ധമില്ലെന്നാണ് യുകെ ആവര്‍ത്തിക്കുന്നത്. ഇന്ത്യൻ ജീവനക്കാര്‍ക്കോ വിദ്യാർത്ഥികൾക്കോ അധിക വിസ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതികളൊന്നുമില്ലെന്നും യുകെ ഭരണകൂടം വ്യക്തമാക്കുന്നു
ഇന്ത്യക്കാര്‍ക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തില്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. വ്യാപാര കരാർ പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുകെ പ്രധാനമന്ത്രി വ്യക്തത വരുത്തിയത്. വിസ നയങ്ങൾ പരിഷ്കരിക്കുന്നതിനേക്കാൾ ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും തൊഴിൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. വ്യാപാര കരാറിൽ വിസ ഒരു ഘടകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ യുകെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക, ഇന്ത്യൻ തുണിത്തരങ്ങളും ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഹ്രസ്വകാല വിസയിലുള്ള ഇന്ത്യൻ തൊഴിലാളികളെ മൂന്ന് വർഷത്തേക്ക് സോഷ്യല്‍ സെക്യൂരിറ്റി നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്ന ഒരു വ്യവസ്ഥ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കുടിയേറ്റ നയത്തിൽ വിശാലമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വ്യാപാര കരാറുമായി വിസകൾക്ക് ബന്ധമില്ലെന്നാണ് യുകെ ആവര്‍ത്തിക്കുന്നത്. ഇന്ത്യൻ ജീവനക്കാര്‍ക്കോ വിദ്യാർത്ഥികൾക്കോ അധിക വിസ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാൻ പദ്ധതികളൊന്നുമില്ലെന്നും യുകെ ഭരണകൂടം വ്യക്തമാക്കുന്നു. എന്നാല്‍ ‘ഗ്ലോബല്‍ ടാലന്റുകള’ യുകെയിലേക്ക് ആകര്‍ഷിക്കാന്‍ താല്‍പര്യമുണ്ടെന്ന സൂചനയാണ് സ്റ്റാര്‍മര്‍ പങ്കുവച്ചത്. യുഎസിന്റെ എച്ച്-1ബി വിസ നയത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അദ്ദേഹം ഈ സൂചന നല്‍കിയത്.
യുകെയിലെ വ്യവസായ പ്രമുഖരടക്കം സ്റ്റാര്‍മറിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. നൂറിലേറെ വ്യവസായ, സാംസ്‌കാരിക നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. അവരിൽ പലരും യുകെയിലേക്ക് വരുന്ന വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തൊഴിലാളി ക്ഷാമം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.