Russia-Ukraine: യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കിയാല്‍ സര്‍വ്വതും നശിപ്പിക്കും; യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്
Russia Warns US on Tomahawk Missile: ടോമാഹാക്കുകള്‍ യുക്രെയ്‌ന് നല്‍കിയാലും യുദ്ധത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും മുന്‍ പ്രതിരോധമന്ത്രി കൂടിയായ കാര്‍ട്ടപോളോവ് അഭിപ്രായപ്പെട്ടു. മിസൈലുകള്‍ ചെറിയ അളവില്‍ മാത്രമേ നല്‍കാവൂ.
മോസ്‌കോ: യുക്രെയ്‌ന് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ വിതരണം ചെയ്താല്‍ അവ വെടിവെച്ചിടുകയും വിക്ഷേപണ കേന്ദ്രങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുകയും ചെയ്യുമെന്ന് യുഎസിന് മുന്നറിയിപ്പ് നല്‍കി റഷ്യ. ഞങ്ങളെ കുഴപ്പത്തിലാക്കുന്നവരെ വേദനിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്ന് റഷ്യന്‍ പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി തലവന്‍ ആന്‍ഡ്രി കാര്‍ട്ടപോളോവ് പറഞ്ഞു.
ടോമാഹാക്കുകള്‍ യുക്രെയ്‌ന് നല്‍കിയാലും യുദ്ധത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും മുന്‍ പ്രതിരോധമന്ത്രി കൂടിയായ കാര്‍ട്ടപോളോവ് അഭിപ്രായപ്പെട്ടു. മിസൈലുകള്‍ ചെറിയ അളവില്‍ മാത്രമേ നല്‍കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മിസൈലുകള്‍ എങ്ങനെ പറക്കുന്നു, എങ്ങനെ വെടിവെക്കുന്നു എന്നുള്ള കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് നന്നായി അറിയാം, സിറിയയില്‍ ഞങ്ങള്‍ ഈ മിസൈലാണ് പ്രയോഗിച്ചത്. അതിനാല്‍ പുതുതായി മനസിലാക്കാന്‍ ഒന്നുമില്ല. അവ വിതരണം ചെയ്യുന്നവര്‍ക്കും പ്രയോഗിക്കുന്നവര്‍ക്കും മാത്രമായിരിക്കും പ്രശ്‌നങ്ങള്‍, അവിടെ മാത്രമായിരിക്കും പ്രശ്‌നങ്ങള്‍, എന്നും കാര്‍ട്ടപോളോവ് പറഞ്ഞു.




ടോമാഹോക്കുകള്‍ വിക്ഷേപിക്കാനായി യുക്രെയ്ന്‍ സ്ഥലം തയാറാക്കുന്നതിന്റെ സൂചനകളൊന്നും തന്നെ ലഭ്യമായിട്ടില്ല. അത്തരം മിസൈലുകള്‍ ലഭിച്ചാല്‍ യുക്രെയ്‌ന് ഒളിപ്പിച്ചുവെക്കാനാകില്ല. മിസൈല്‍ ലഭിച്ചാല്‍ റഷ്യയുടെ ഭാഗത്ത് നിന്ന് കനത്ത ആക്രമണം നേരിടേണ്ടതായി വരുമെന്നും കാര്‍പോളോവ് കൂട്ടിച്ചേര്‍ത്തു.
Also Read: ആ മോഹം മാറ്റിവയ്ക്കാം; ഇന്ത്യക്കാര്‍ക്ക് നിരാശ വാര്‍ത്ത സമ്മാനിച്ച് യുകെ പ്രധാനമന്ത്രി
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞത്. ടോമാഹോക്‌സിന് അനുമതി നല്‍കുന്നതിന് മുമ്പ് യുക്രെയ്ന്‍ എന്ത് ചെയ്യാന്‍ പദ്ധതിയിടുന്നുവെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു, എന്നിരുന്നാലും ഈ വിഷയത്തില്‍ താന്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.