Kuwait Pet Laws: നായ്ക്കളും പൂച്ചകളും പറ്റില്ല; വാണിജ്യ ഇറക്കുമതിയ്ക്ക് കുവൈറ്റില്‍ നിരോധനം
Kuwait Pet Import Ban: ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതിനെതിരെയുള്ള നേരിട്ടുള്ള പ്രതികരണമായാണ് അധികൃതര്‍ ഈ നടപടിയെ വിലയിരുത്തുന്നത്. തെരുവുമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
കുവൈറ്റ് സിറ്റി: ജനവാസ മേഖലകളില്‍ വര്‍ധിച്ചുവരുന്ന തെരുവുമൃഗ ശല്യം പരിഹരിക്കുന്നതിനായി നായ്ക്കളുടെയും പൂച്ചകളുടെയും ഇറക്കുമതിയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസ്. വ്യാപാരത്തിനും വില്‍പനയ്ക്കുമായി രാജ്യത്തേക്ക് കൊണ്ടുവരുന്ന മൃഗങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായാണ് നടപടി.
ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്നതിനെതിരെയുള്ള നേരിട്ടുള്ള പ്രതികരണമായാണ് അധികൃതര്‍ ഈ നടപടിയെ വിലയിരുത്തുന്നത്. തെരുവുമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നു. പ്രജനനം കുറയ്ക്കുന്നതിനും തെരുവുമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഓരോ കുവൈറ്റ് പൗരനും വ്യക്തിഗത ആവശ്യത്തിനായി മാത്രം പ്രതിവര്‍ഷം പരമാവധി ഒരു നായയെ ഇറക്കുമതി ചെയ്യാന്‍ അനുവാദമുണ്ട്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃഗങ്ങളുടെ എണ്ണത്തില്‍ അടുത്തിടെ ഉണ്ടായ വര്‍ധനവിനെതിരെ നടപടികള്‍ ശക്തമാക്കണമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസിലെ മൃഗാരോഗ്യ-പകര്‍ച്ചവ്യാധി നിയന്ത്രണ സൂപ്പര്‍വൈസര്‍ ഡോ. അഹമ്മദ് അല്‍ ഹമദ് പറഞ്ഞു.
Also Read: Saudi National Products Rules: കള്ളത്തരം അതിവിടെ വേണ്ട; വ്യാജന്മാരെ തുരത്താന്‍ സൗദി ഇറങ്ങുന്നു
കഴിഞ്ഞ വര്‍ഷം റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നായി ആയിരക്കണക്കിന് തെരുവുനായ്ക്കളെയാണ് അതോറിറ്റി പിടികൂടിയത്. പിടികൂടുന്ന മൃഗങ്ങളെ പരിശോധനകള്‍ക്കും ചികിത്സയ്ക്കും വിധേയമാക്കുന്നു. പ്രത്യുത്പാദന നിരക്ക് നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ നടപടികളും സജീവമായി അധികൃതര്‍ നടപ്പാക്കുന്നുണ്ട്.
പരിശോധനകള്‍ക്ക് ശേഷം ആരോഗ്യമുള്ള മൃഗങ്ങളെ ദത്തെത്തുക്കാനുള്ള അവകാശവും കുവൈറ്റ് പൗരന്മാര്‍ക്കും ലഭിക്കും. ദത്തെടുക്കാന്‍ ആളില്ലെങ്കില്‍ അനുയോജ്യമായതും നിയന്ത്രിതവുമായ സ്ഥലങ്ങളില്‍ അവയെ അഴിച്ചുവിടുന്നതാണ് രീതി.