Iran War: ഇറാൻ സംഘർഷത്തിൽ അയവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു
Oil Prices Extend Decline as Trump Signals Restraint on Iran: ഇറാനെതിരായ കൂടുതല്‍ സൈനിക നടപടികള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിലപാട്. ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

പ്രതീകാത്മക ചിത്രം
ടെഹ്‌റാന്‍: ഇറാനെതിരായ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ തല്‍ക്കാലം ആവശ്യമില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൂചനയ്ക്ക് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയുമെന്ന പ്രതീക്ഷയാണ് എണ്ണവിലയിലെ ഇടിവിന് പ്രധാന കാരണം. തിങ്കളാഴ്ചയുണ്ടായ വലിയ വിലയിടിവിന് പിന്നാലെയാണ് ചൊവ്വാഴ്ചയും എണ്ണവില താഴ്ന്നത്.
എണ്ണവില എത്ര?
ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 91.49 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കന്‍ ക്രൂഡ് ഓയില്‍ വിഭാഗമായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 86.04 ഡോളറിലെത്തി. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വിലയില്‍ ഏകദേശം 6 ശതമാനം ഇടിവുണ്ടായിരുന്നു.
ഇറാനെതിരായ ആക്രമണത്തില്‍ ട്രംപിന്റെ നിലപാട്
ഇറാനെതിരായ കൂടുതല്‍ സൈനിക നടപടികള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിലപാട്. ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാല്‍ സാഹചര്യം മാറിയാല്‍ സൈനിക നടപടി സ്വീകരിക്കാന്‍ അമേരിക്ക തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.
ഹോര്‍മുസ് കടലിടുക്കില്‍ ആശങ്ക തുടരുന്നു
പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയുമെന്ന പ്രതീക്ഷ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇപ്പോഴും ആശങ്കയിലാണ്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഇവിടെ സാധാരണ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
Also Read: Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാറുണ്ടാകാത്തതും എണ്ണവിപണിയില്‍ അനിശ്ചിതത്വം നിലനിര്‍ത്തുന്നു. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും ഇറാന്റെ എണ്ണ കയറ്റുമതിയും സംബന്ധിച്ച വിഷയങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടേണ്ടതുണ്ട്.
എണ്ണ ഉല്‍പ്പാദനം വര്‍ധിക്കുന്നു
പശ്ചിമേഷ്യയിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ വിപണിയില്‍ പ്രകടമാണ്. ഇതോടൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനവും വര്‍ധിക്കുന്നുണ്ട്. ഉയര്‍ന്ന വില കാരണം എണ്ണയുടെ ആവശ്യകത കുറഞ്ഞതും വിപണിയെ സ്വാധീനിക്കുന്നു.
ആഗോള എണ്ണ ഉല്‍പ്പാദനം ഉപഭോഗത്തെക്കാള്‍ കൂടുതലാകുന്ന സാഹചര്യം രൂപപ്പെടുന്നതായി ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു. സെപ്റ്റംബറില്‍ പ്രതിദിനം 11 ലക്ഷം ബാരലും ഒക്ടോബറില്‍ 14 ലക്ഷം ബാരലും അധിക ഉല്‍പ്പാദനമുണ്ടായെന്നാണ് ബാങ്കിന്റെ കണക്ക്.
English Summary
Oil prices declined for a second consecutive session after Donald Trump signalled restraint on further military strikes against Iran. Brent crude fell to $91.49 a barrel, while WTI dropped to $86.04. Easing geopolitical concerns and expectations of higher global oil supply weighed on prices, although uncertainty over the Strait of Hormuz remains.