Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!
Ultimate Guide to Dubai Shopping Festival Highlights: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ 'ഡി.എസ്.എഫ് ലൈറ്റ് ഷോ' ഇത്തവണ പുതിയ രൂപത്തിലാകും നടക്കുക. ദി ബീച്ച് ജെ.ബി.ആറിനും ബ്ലൂവാട്ടേഴ്‌സ് ഐലൻഡിനും ഇടയിലുള്ള പ്രദേശം ഒരു ഓപ്പൺ-എയർ മൾട്ടിമീഡിയ സ്റ്റേജായി മാറും
ദുബായ്: വിനോദസഞ്ചാരികളും പ്രവാസികളും ഒരുപോലെ കാത്തിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ മുപ്പത്തിരണ്ടാമത് എഡിഷന് ഡിസംബർ നാലിന് തുടക്കമാകും. 2027 ജനുവരി 17 വരെ നീണ്ടുനിൽക്കുന്ന ഇത്തവണത്തെ ഫെസ്റ്റിവൽ മുൻവർഷങ്ങളേക്കാൾ ഗംഭീരമാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ശൈത്യകാലത്തെ ദുബായുടെ ഏറ്റവും വലിയ ആഘോഷമായ ഷോപ്പിംഗ് ഫെസ്റ്റിവലിൽ വിനോദത്തിനും, ഷോപ്പിംഗിനും, ഭക്ഷണ വൈവിദ്യം ആസ്വദിക്കുന്നതിനുമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തും.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ലൈവ് പരിപാടികളാണ് ഉദ്ഘാടനത്തോടനിബധിച്ച് ഒരുക്കിയിരിക്കുന്നത്. ഡിസംബർ അഞ്ചിന് കൊക്ക കോള അരീനയിൽ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീവ് ആവോക്കിയുടെ സംഗീത പരിപാടി അരങ്ങേറും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ ‘ഡി.എസ്.എഫ് ലൈറ്റ് ഷോ’ ഇത്തവണ പുതിയ രൂപത്തിലാകും നടക്കുക. ദി ബീച്ച് ജെ.ബി.ആറിനും ബ്ലൂവാട്ടേഴ്‌സ് ഐലൻഡിനും ഇടയിലുള്ള പ്രദേശം ഒരു ഓപ്പൺ-എയർ മൾട്ടിമീഡിയ സ്റ്റേജായി മാറും.
ആനിമേഷൻ, ഡൈനാമിക് ലൈറ്റിംഗ്, ലേസർ ഷോകൾ, ഇമേഴ്‌സീവ് സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന ഗംഭീരമായ ദൃശ്യവിരുന്നാണ് ഇവിടെ ഒരുക്കുന്നത്. ഡിസംബർ അഞ്ചിന് വൈകുന്നേരം 7.30 മുതൽ രാത്രി 10.30 വരെയാണ് ഈ ലൈറ്റ് ഷോ നടക്കുക. ജെ.ബി.ആർ, ബ്ലൂവാട്ടേഴ്‌സ് എന്നീ രണ്ടു ഭാഗങ്ങളിൽ നിന്നും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് സജ്ജീകരിക്കുന്നത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി, യു.എ.ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് ഹത്ത വാദി ഹബ്ബിൽ പ്രത്യേക കാൻഡിൽ ലൈറ്റ് സംഗീത നിശയും സംഘടിപ്പിക്കുന്നുണ്ട്. ഹത്തയുടെ മലനിരകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വിനോദ പരിപാടികൾക്ക് പുറമെ, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ പ്രധാന ആകർഷണമായ ഷോപ്പിംഗ് ഓഫറുകളും ഇത്തവണ സജീവമാകും. ദുബായിലെ വിവിധ മാളുകളിലും മറ്റ് കേന്ദ്രങ്ങളിലും വൻ വിലക്കിഴിവുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ, വമ്പൻ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഓഫറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ സംഘാടകർ പുറത്തുവിടും.
English Summary
The 32nd Dubai Shopping Festival returns from December 4 to January 17, featuring incredible retail discounts, a spectacular JBR light show and live concerts