Plane Crashes : സൗത്ത് സുഡാനില്‍ വിമാനാപകടം, 20 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഇന്ത്യക്കാരനും
Plane crashes in South Sudan : എല്ലാ യാത്രക്കാരും ജിപിഒസിയിലെ ജീവനക്കാരാണെന്ന് പ്രാദേശിക അധികാരികൾ. 16 ദക്ഷിണ സുഡാനികളും രണ്ട് ചൈനീസ് പൗരന്മാരും 1 ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. ദക്ഷിണ രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രി അറിയിച്ചു. എണ്ണ തൊഴിലാളികളുമായി വിമാനം പോവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്

ദക്ഷിണ സുഡാനിലുണ്ടായ വിമാനാപകടത്തില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇന്ത്യക്കാരനും ഉള്‍പ്പെടുന്നതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനി (ജിപിഒസി) ചാർട്ടേഡ് ചെയ്ത ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെ രാവിലെ 10:30 ന് യൂണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ഉണ്ടായിരുന്നുവെന്ന് യൂണിറ്റി സംസ്ഥാനത്തെ വാർത്താവിനിമയ മന്ത്രി ഗാറ്റ്വേച്ച് ബിപാൽ പറഞ്ഞു.
എണ്ണപ്പാടങ്ങളാല്‍ സമ്പന്നമായ പ്രദേശമാണിത്. ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജൂബയിലെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് എണ്ണപ്പാടത്തിന് സമീപത്ത് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ അകലെയാണ് വിമാനം തകർന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടതായി മന്ത്രി പറഞ്ഞു.
എഞ്ചിനീയർമാരും സാങ്കേതിക ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് പ്രസിഡന്റ് സാൽവ കിർ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തുമെന്ന് സാൽവ കിർ വ്യക്തമാക്കി.




എല്ലാ യാത്രക്കാരും ജിപിഒസിയിലെ ജീവനക്കാരാണെന്ന് പ്രാദേശിക അധികാരികൾ വ്യക്തമാക്കി. 16 ദക്ഷിണ സുഡാനികളും രണ്ട് ചൈനീസ് പൗരന്മാരും 1 ഇന്ത്യക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ സുഡാനിലെ എഞ്ചിനീയറാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രി അറിയിച്ചു. എണ്ണ തൊഴിലാളികളുമായി വിമാനം പോവുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണം വ്യക്തമല്ല. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
ദക്ഷിണ സുഡാനില്‍ വിമാനാപകടങ്ങള്‍ തുടര്‍ക്കഥ
2011ലാണ് ദക്ഷിണ സുഡാന്‍ സ്വതന്ത്രമാകുന്നത്. മേഖലയിലെ പ്രധാന ഉണ്ണ ഉല്‍പാദക രാജ്യമാണ്. നിരവധി പ്രതിസന്ധികള്‍ നേരിടുമ്പോഴും, എണ്ണം ഉത്പാദനവും, കയറ്റുമതിയും വര്‍ധിപ്പിക്കാനാണ് ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ ശ്രമം.
അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ അഭാവം ദക്ഷിണ സുഡാന്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇവിടെ വിമാനാപകടങ്ങളും സാധാരണമാണ്. മോശം കാലാവസ്ഥയും, അമിത ഭാരം കയറ്റുന്നതുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
2021ല്‍ ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിലേക്ക് ഇന്ധനവുമായി പോയ ഒരു കാര്‍ഗോ പ്ലെയിന്‍ ജൂബയ്ക്ക് സമീപം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചിരുന്നു. 2015ല്‍ ജൂബയില്‍ അന്റാനോവ് വിമാനം അപകടത്തില്‍പെട്ട് 36 പേര്‍ മരിച്ചിരുന്നു. അമിതമായി ഭാരം കയറ്റിയതാണ് ഈ അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. 2017-ൽ, വൗവിൽ റൺവേയിൽ വെച്ച് ഫയർ ട്രക്കിൽ ഇടിച്ച് ഒരു വിമാനത്തിന് തീപിടിച്ചിരുന്നു. അന്ന് 37 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.