Plane Accident : യുഎസില്‍ ലാന്‍ഡിങ്ങിനിടെ വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചു, 64 യാത്രക്കാര്‍ക്കായി രക്ഷാപ്രവര്‍ത്തനം
US Plane Crash : വിമാനത്തില്‍ 64 യാത്രക്കാരും, ഹെലികോപ്ടറില്‍ മൂന്ന് യുഎസ് ആര്‍മി സൈനികരും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യാത്രാ വിമാനം നദിയില്‍ പതിച്ചതായാണ് സംശയം. യാത്രക്കാര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വാഷിംഗ്ടൺ: യുഎസില്‍ ലാന്‍ഡിങ്ങിനിടെ വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് അപകടം. റൊണാൾഡ് റീഗൻ വാഷിംഗ്ടൺ ദേശീയ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അമേരിക്കൻ എയർലൈൻസിന്റെ റീജിയണൽ ജെറ്റും, ഹെലികോപ്ടറുമാണ് കൂട്ടിയിടിച്ചത്. വിമാനത്തില്‍ 64 യാത്രക്കാരും, ഹെലികോപ്ടറില്‍ മൂന്ന് യുഎസ് ആര്‍മി സൈനികരും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യാത്രാ വിമാനം പൊട്ടോമാക് നദിയില്‍ പതിച്ചതായാണ് സംശയം. യാത്രക്കാര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നന്ന് ടെക്സസിലെ സെനറ്റർ ടെഡ് ക്രൂസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. എന്നാല്‍ എത്ര പേര്‍ മരിച്ചുവെന്ന് ടെഡ് ക്രൂസ് വ്യക്തമാക്കിയില്ല.
പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. 60 യാത്രക്കാരും നാല് ജീവനക്കാരുമായി കൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ ഈഗിൾ ഫ്ലൈറ്റ് 5342 വിമാനവും ഹെലികോപ്ടറുമാണ് കൂട്ടിയിടിച്ചത്. ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് സൈനികർ ഉണ്ടായിരുന്നുവെന്നും, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.




വീഡിയോ കാണാം
🚨BREAKING: American Airlines Flight 5342 from Wichita, Kansas has crashed into a helicopter while landing at Reagan National Airport near Washington, DC#potomac #PotomacRiver pic.twitter.com/Ddq1qwa25S
— AJ Huber (@Huberton) January 30, 2025
പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെ വിമാനം ലാന്‍ഡിംഗിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഹെലികോപ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അതോറിറ്റി (എഫ്‌എഎ) അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ ബറ്റാലിയനായ ബി കമ്പനിയുടേതാണ് ഹെലികോപ്റ്ററെന്നാണ് റിപ്പോര്‍ട്ട്.
Read Also : സൗത്ത് സുഡാനില്‍ വിമാനാപകടം, 20 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഇന്ത്യക്കാരനും
റീഗൻ നാഷണൽ എയർപോർട്ട് വെള്ളിയാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിടുമെന്ന് എഫ്‌എഎ അറിയിച്ചു. ഫ്ലൈറ്റ് 5342 ൽ പ്രിയപ്പെട്ടവരുണ്ടെന്ന് കരുതുന്ന ആളുകൾ 800-679-8215 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണമെന്ന് അമേരിക്കൻ എയർലൈൻസ് നിര്‍ദ്ദേശിച്ചു. യുഎസിന് പുറത്തുനിന്ന് വിളിക്കുന്നവർക്ക് കൂടുതൽ ഫോൺ നമ്പറുകൾക്കായി news.aa.com സന്ദർശിക്കാമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. എയർപോർട്ടിലേക്കുള്ള ഒരു എക്സിറ്റ് പോലീസ് അടച്ചിട്ടുണ്ട്
അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എഫ്‌എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ, റൊണാൾഡ് റീഗൻ വാഷിംഗ്ടൺ ദേശീയ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ലോക്കൽ പോലീസും മറ്റ് ഏജൻസികളും സംഭവസ്ഥലത്തുണ്ട്.
പൊട്ടോമാക് നദിയില്‍ ഇതിന് മുമ്പും വിമാനം അപകടത്തില്‍പെട്ടിട്ടുണ്ട്. 1982 ജനുവരി 13-ന്, എയർ ഫ്ലോറിഡ ഫ്ലൈറ്റ് 90 അപകടത്തില്‍പെട്ട് 74 പേര്‍ മരിച്ചിരുന്നു.