Donald Trump: ‘തിരക്കിട്ട് ഒരു കരാറുമില്ല, ലക്ഷ്യം കാണും വരെ ഹോർമുസ് ഉപരോധം തുടരും’; ഡൊണാൾഡ് ട്രംപ്
Donald Trump Deal With Iran: അമേരിക്ക - ഇറാൻ സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് മറ്റ് രാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഇരു രാജ്യങ്ങളുടെയും ഇതുവരെയുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തിയിരുന്നു. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചു. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണെന്നാണ് ഇറാൻ നിലപാട്.
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (President Donald Trump). ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതിൽ പിഴവുകൾ ഉണ്ടാകാൻ പാടില്ലെന്നുമാണ് ട്രംപിൻ്റെ നിലവിലെ നിലപാട്. ഇക്കാര്യത്തിൽ മധ്യസ്ഥർക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള കരാർ ഔദ്യോഗികമായി പൂർത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം ശക്തിമായി തന്നെ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്ക – ഇറാൻ സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് മറ്റ് രാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഇരു രാജ്യങ്ങളുടെയും ഇതുവരെയുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തിയിരുന്നു. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചു. അതേസമയം, ധാരണയായതായി പറയപ്പെടുന്ന ചില വിശദാംശങ്ങൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു. ഇവയെല്ലാം നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തിയെങ്കിലും ധാരണയ്‌ക്കുള്ള സാധ്യതയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
ALSO READ: യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം
അതിനിടെ നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ പിന്തുണയോട് കൂടി അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക – ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണെന്നാണ് ഇറാൻ നിലപാട്.
ഹോർമുസ് കടലിടുക്ക്
എന്നാൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനുമായി ഏകദേശം കരാറായെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കാനും മുഖ്യതർക്കവിഷയമായ ഇറാന്റെ യുറേനിയം ശേഖരം സംബന്ധിച്ച് രണ്ടുമാസത്തിനകം ചർച്ച ചെയ്തു തീരുമാനിക്കാനും ധാരണയായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പ് ഉണ്ടായിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്തില്ലെന്ന് ഇറാൻ സമ്മതിച്ചതായും വിവരമുണ്ട്. പകരം ഇറാന്റെ എണ്ണവ്യാപാരത്തിനെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കാമെന്നാണ് യുഎസിൻ്റെ ഭാഗത്തുനിന്നുള്ള നിലപാട്. അതിനിടെ ഇറാൻ പതാകയേന്തിയ കപ്പലുകൾക്ക് സമീപം സ്ഫോടനം നടക്കുന്ന ചിത്രത്തിനൊപ്പം സ്പാനിഷ് ഭാഷയിൽ ‘ഗുഡ്ബൈ’ എന്നർഥം വരുന്ന ‘അഡിയോസ്’ എന്ന് കുറിച്ചുകൊണ്ടുള്ള ട്രംപിൻ്റെ പോസ്റ്റ് വൈറലാകുകയാണ്. കടലിന് മുകളിലൂടെ ഒരു ഡ്രോൺ പറക്കുന്നതും ഒപ്പം ഇറാന്റെ പതാക വച്ച നിരവധി കപ്പലുകൾ പൊട്ടിത്തെറിക്കുന്നതുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
എഐ സഹായത്തോടെ നിർമ്മിച്ച ചിത്രമാണിതെന്നാണ് സൂചന. അതേസമയം, ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷ, ഇറാന്റെ ആണവ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിലാണ് ട്രംപിൻ്റെ പോസ്റ്റ്. ഇത് ഇറാനുള്ള വ്യക്തമായ പ്രതീകാത്മക സന്ദേശമാണ് നൽകിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ പോസ്റ്റിനൊപ്പം ട്രംപ് മറ്റ് വിശദീകരണങ്ങളോ കുറിപ്പുകളോ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
English Summary:
US President Donald Trump said on Sunday that he had told US negotiators not to rush into a deal with Iran, amid anticipation and mounting criticism of an agreement to end the war in the Middle East.