Trump – Putin Meeting: ഉക്രെയ്ൻ യുദ്ധം, പുടിൻ – ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് റഷ്യ
Trump - Putin Meeting: 2021ലാണ് അവസാനമായി ഒരു യുഎസ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. 2021 ജൂണിൽ ജനീവയിൽ വെച്ച് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് റഷ്യ. ഇരുവരും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് മോസ്കോയിലെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ദിമിത്രി പോളിയാൻസ്കി അറിയിച്ചു.
ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടരുന്ന ഈ സാഹചര്യത്തിൽ ഇരു രാഷ്ട്ര തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ച നിർണായകമാകും. സമയവും സ്ഥലവും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പുടിനും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിമിത്രി പോളിയാൻസ്കി പറഞ്ഞു.
യുഎസ് – റഷ്യ
2021ലാണ് അവസാനമായി ഒരു യുഎസ് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. 2021 ജൂണിൽ ജനീവയിൽ വെച്ച് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. അതിനുശേഷം റഷ്യൻ, യുഎസ് നേതാക്കൾ ഉൾപ്പെട്ട ഒരു ഉച്ചകോടിയും നടന്നിട്ടില്ല.
2022 ഫെബ്രുവരിയിലാണ് റഷ്യ ഉക്രെയ്‌ൻ യുദ്ധം ആരംഭിക്കുന്നത്. അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ രണ്ടാം തവണ അധികാരമേറ്റ് ഏഴ് മാസം കഴിഞ്ഞിട്ടും അത് നിറവേറ്റപ്പെടാത്ത ഒരു വാഗ്ദാനമായി തുടരുകയാണ്.