AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസം; വർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കുടുംബത്തെ കൊണ്ടുവരാം

Major Relief for Expats: Saudi Arabia Eases Family Visa Rules for Skilled Workers: ജീവിതപങ്കാളി, ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരല്ലാത്ത പെൺമക്കൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഗൃഹനാഥൻ്റെ വർക്ക് വിസ നടപടികൾ പുരോഗമിക്കുന്ന അതേ സമയത്ത് തന്നെ ഈ കുടുംബാംഗങ്ങൾക്കും എൻട്രി വിസയ്ക്കായി അപേക്ഷ സമർപ്പിക്കാം

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസം; വർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കുടുംബത്തെ കൊണ്ടുവരാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 07 Oct 2026 | 08:37 PM

റിയാദ്: സൗദി അറേബ്യയിലേക്ക് തൊഴിലിനായി പോകുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി സൗദി ആഭ്യന്തര മന്ത്രാലയം. വിദഗ്ധ തൊഴിലാളികളായ വിദേശികൾക്ക് തങ്ങളുടെ വർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതിന് ഒപ്പം തന്നെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്ന പുതിയ പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിച്ചു. തൊഴിൽ വിസ നടപടികൾ പൂർത്തിയാകുന്നത് വരെ കുടുംബാംഗങ്ങൾ ഇനി കാത്തിരിക്കേണ്ടതില്ല. സൗദി പ്രസ് ഏജൻസിയാണ് പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന ഈ വാർത്ത ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ നിയമപ്രകാരം കുടുംബത്തിലെ ഏതൊക്കെ അംഗങ്ങളെയാണ് രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുക എന്ന് മന്ത്രാലയം കൃത്യമായി പറയുന്നുണ്ട്. ജീവിതപങ്കാളി, ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരല്ലാത്ത പെൺമക്കൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഗൃഹനാഥൻ്റെ വർക്ക് വിസ നടപടികൾ പുരോഗമിക്കുന്ന അതേ സമയത്ത് തന്നെ ഈ കുടുംബാംഗങ്ങൾക്കും എൻട്രി വിസയ്ക്കായി അപേക്ഷ സമർപ്പിക്കാം. മുൻകാലങ്ങളിൽ ഗൃഹനാഥൻ്റെ വിസ നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കുടുംബാംഗങ്ങൾക്കുള്ള വിസ നടപടികൾ ആരംഭിക്കാൻ സാധിച്ചിരുന്നുള്ളൂ. ആ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

Also Read: യു.എ.ഇ മലയാളികൾ വേഗം മെസ്സേജ് ബോക്സ് പരിശോധിക്കൂ! സൗജന്യ ഡാറ്റയുമായി ഇത്തിസലാത്ത്; ഓഫർ ഒക്ടോബർ 12 വരെ

സൗദി ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, വിദഗ്ധരായ പ്രവാസികൾക്ക് വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനം. ഇതിലൂടെ വിദേശങ്ങളിൽ നിന്നുള്ള മികച്ച തൊഴിലാളികളെ സൗദിയിലേക്ക് ആകർഷിക്കാനാകും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.

കുടുംബാംഗങ്ങൾ എൻട്രി വിസ വഴി സൗദി അറേബ്യയിൽ എത്തിയ ശേഷം അവരുടെ റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ പിന്നീട് പൂർത്തിയാക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് അവരുടെ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലേക്ക് താമസം മാറുന്നത് എളുപ്പമാക്കുന്നതിനും, വിസ, റെസിഡൻസി നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുമായി സൗദി അറേബ്യ അടുത്തിടെയായി നടപ്പിലാക്കി വരുന്ന വിപുലമായ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനവും.

English Summary

Saudi Arabia’s Interior Ministry announced that skilled expatriates can now bring eligible family members, including spouses and children, to the Kingdom concurrently while their own work visa procedures are ongoing.

Follow Us