നാഷണല്‍ അഡ്രസ് നിര്‍ബന്ധം; സൗദിയില്‍ പാഴ്‌സല്‍ ഡെലിവറി സേവനങ്ങളില്‍ മാറ്റം
National Address Mandatory Saudi Arabia: നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അഡ്രസ് ഇല്ലാത്ത പാഴ്‌സലുകള്‍ സ്വീകരിക്കാനോ, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ, ആര്‍ക്കെങ്കിലും കൈമാറ്റം ചെയ്യാനും സാധിക്കില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
റിയാദ്: സൗദി അറേബ്യയില്‍ പാഴ്‌സല്‍ ഡെലിവറി നിയമങ്ങളില്‍ മാറ്റം. പാഴ്‌സല്‍ ഡെലിവറി സേവനങ്ങള്‍ക്ക് നാഷണല്‍ അഡ്രസ് നിര്‍ബന്ധമാക്കി രാജ്യം. 2026 ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അഡ്രസ് ഇല്ലാത്ത ആളുകള്‍ അബ്ഷര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴി അഡ്രസ് സ്വന്തമാക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സൗദി അറേബ്യയിലുള്ള വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക ഏകീകൃത വിലാസമാണ് നാഷണല്‍ അഡ്രസ്. ജനുവരി മുതല്‍ നാഷണല്‍ അഡ്രസ് ഉള്ളവര്‍ക്ക് മാത്രമേ പാഴ്‌സല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അഡ്രസ് ഇല്ലാത്ത പാഴ്‌സലുകള്‍ സ്വീകരിക്കാനോ, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ, ആര്‍ക്കെങ്കിലും കൈമാറ്റം ചെയ്യാനും സാധിക്കില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Also Read: UAE Holiday: സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധി; ശമ്പളം വാങ്ങിച്ച് വീട്ടിലിരിക്കാം
അബ്ഷര്‍, തവക്കല്‍നാ, സിഹത്തി, സൗദി പോസ്റ്റ് തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴി നാഷണല്‍ അഡ്രസ് കരസ്ഥമാക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്തുക, പാഴ്‌സല്‍ ഡെലിവറി വേഗത്തിലാക്കുക, ഡെലിവറി സമയത്തെ അനാവശ്യ ഫോണ്‍ വിളികളും മറ്റ് ആശയക്കുഴപ്പങ്ങളും കുറയ്ക്കുക, കാര്യക്ഷമതയും കൃത്യയും മെച്ചപ്പെടുത്തുക എന്നതാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം.