Texas Flood: മിന്നൽപ്രളയം; ടെക്സസിൽ 104 പേർ മരിച്ചെന്ന് സ്ഥിരീകരണം
Texas Flood Latest Update: അതേസമയം ടെക്സസിന്റെ മധ്യ മേഖലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ശക്തമായ മഴയിൽ ഗുവാഡലൂപ്പ് നദി 45 മിനിറ്റിനുള്ളിൽ 26 അടിയിലധികമാണ് ഉയർന്നത്. ഇതാണ് പ്രദേശത്തെ സ്ഥിതി അതീവ ഗുരുതരമാക്കിയത്. ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ പ്രദേശങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്.
ടെക്സസ്: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ദുരന്തബാധിത മേഖലയിൽ ഏകദേശം 104 പേർ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രളയ ബാധിത മേഖലയായ കേർ കൗണ്ടിയിൽ മാത്രം മരിച്ചത് 84 പേരാണ്. ഇവരിൽ 28 പേർ കുട്ടികളാണെന്നാണ് വിവരം. 24 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗൺസലറും ഇതിൽ ഉൾപ്പെടുന്നുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം ടെക്സസിന്റെ മധ്യ മേഖലയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ശക്തമായ മഴയിൽ ഗുവാഡലൂപ്പ് നദി 45 മിനിറ്റിനുള്ളിൽ 26 അടിയിലധികമാണ് ഉയർന്നത്. ഇതാണ് പ്രദേശത്തെ സ്ഥിതി അതീവ ഗുരുതരമാക്കിയത്. ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ പ്രദേശങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്.
കെർ കൗണ്ടിയിലെ ക്രിസ്ത്യൻ ക്യാമ്പിൽ നിരവധി കുടുംബങ്ങൾ വീടുകൾക്കുള്ളിൽ കുടുങ്ങിപോയതായും ആളുകൾ വെള്ളത്തിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ഏകദേശം രണ്ട് ഡസനോളം ക്യാമ്പംഗങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് അധികൃതർ പറയുന്നത്. കാണാതായവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വീഡിയോകളിൽ ഞെട്ടിക്കുന്ന കാഴ്ചകളാണുള്ളത്.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ മിക്ക വീടുകളും ഒഴുകിപോയ നിലയിലാണ്. പുഴയുടെ തീരങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുന്നതും വീഡിയോകളിൽ കാണാം. രക്ഷാപ്രവർത്തകർ വീടുകളുടെ മേൽക്കൂരകളിൽ നിന്നും മറ്റും ആളുകളെ രക്ഷിക്കുന്നതും കാണാം. വീടുകളും കാറുകളും ഒഴുകി നടക്കുന്നതും പലയിടത്തായി അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നതും ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നു.