Hormuz Strait Attack: ഹോർമുസിൽ വീണ്ടും ആക്രമണം; മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു
Iran Claims Three Oil Tankers Hit Mines Near Strait of Hormuz: കപ്പലുകള്‍ ഇറാന് നാവികസേനയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കടലിടുക്കിലൂടെ കടന്നുപോകുന്നതിന് ഇറാന് അധികൃതരുമായി ഏകോപനം നടത്തണമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കപ്പലുകള്‍ നിയന്ത്രിത മേഖലകളിലൂടെ കടന്നുപോകാന്‍ ശ്രമിച്ചെന്നും ഇറാന് ആരോപിച്ചു.

ഹോര്‍മുസ് കടലിടുക്ക്
ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി). നാവിക മൈനുകളില്‍ തട്ടിയാണ് കപ്പലുകള്‍ക്ക് തീപിടിച്ചതെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന് നാവികസേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് നിയന്ത്രിത മേഖലകളിലൂടെ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്നും ഐആര്‍ജിസി ആരോപിച്ചു.
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍ഐബി വഴിയാണ് ഐആര്‍ജിസി ഇക്കാര്യം അറിയിച്ചത്. കപ്പലുകള്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്താണ് നിരോധിത മേഖലകളിലൂടെ സഞ്ചരിച്ചതെന്നും ഇറാന് ആരോപിച്ചു.
അമേരിക്കന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സുരക്ഷിത പാതകള്‍ ഉപയോഗിക്കാതെ മറ്റ് വഴികളിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ അപകടത്തിലാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
കപ്പലുകള്‍ ഇറാന് നാവികസേനയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കടലിടുക്കിലൂടെ കടന്നുപോകുന്നതിന് ഇറാന് അധികൃതരുമായി ഏകോപനം നടത്തണമെന്നും ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കപ്പലുകള്‍ നിയന്ത്രിത മേഖലകളിലൂടെ കടന്നുപോകാന്‍ ശ്രമിച്ചെന്നും ഇറാന് ആരോപിച്ചു.
ഖഷ്ം ദ്വീപില്‍ അമേരിക്കന്‍ ആക്രമണം
ഇറാന്റെ ഖഷ്ം ദ്വീപിലെ ഐആര്‍ജിസിയുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിന് നേരെ അമേരിക്ക കൃത്യമായ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിന് മറുപടിയായാണ് നടപടിയെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
Also Read: Iran War: കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക, ഗൾഫിൽ യുദ്ധഭീതി
ഇറാന് അയച്ച ഡ്രോണുകള്‍ ബഹ്റൈനിലെ അമേരിക്കന്‍ റഡാര്‍ സംവിധാനത്തിന് നേരെ എത്തിയെങ്കിലും അവ തടഞ്ഞതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചു. ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കോ ഉപകരണങ്ങള്‍ക്കോ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിശദീകരണം.
ആഗോള എണ്ണവിപണിക്കും ആശങ്ക
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ കപ്പല്‍ ഗതാഗതം തടസപ്പെടുന്നത് അന്താരാഷ്ട്ര എണ്ണ വിതരണത്തെയും വിലയെയും ബാധിക്കാനിടയുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തിലും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
English Summary
Three oil tankers reportedly caught fire after hitting naval mines near the Strait of Hormuz, according to Iran’s Islamic Revolutionary Guard Corps. The incident comes amid escalating tensions between Iran and the United States, raising fresh concerns over global oil supplies and shipping routes.