Iran-US Conflict: നാശനഷ്ടങ്ങള്‍ നികത്താന്‍ ഇറാന്റെ സ്വത്തുക്കള്‍ തന്നെ ഉപയോഗിക്കുമെന്ന് ട്രംപ്; വീണ്ടും ആക്രമണം
US Launches Fresh Airstrikes; Trump Says Iran Will Pay for Future Damages: വൈകിട്ട് 6.45 ഓടെ ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു. ഇറാന്റെ വാണിജ്യ ഷിപ്പിങുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ കുറയ്ക്കാനും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തിരിച്ചുപിടിക്കാനുമാണ് യുഎസ് സൈന്യം ആക്രമണം വഴി ലക്ഷ്യമിടുന്നത്.

ഡൊണാൾഡ് ട്രംപ്
ടെഹ്‌റാന്‍: കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും ഭാവിയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇറാന്റെ ആസ്തികള്‍ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫിലും പരിസര പ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളില്‍ തകര്‍ന്ന കപ്പലുകള്‍ക്കും ചരക്കുകള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഇറാന് നേരെ അമേരിക്ക പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, കപ്പലുകള്‍ക്കോ ചരക്കുകള്‍ക്കോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വസ്തുക്കള്‍ക്കോ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി അമേരിക്കയുടെ കൈവശമുള്ളതും നിയന്ത്രിക്കുന്നതുമായി ഇറാനിയന്‍ പണവും ആസ്തികളും ഉപയോഗിക്കും. ഈ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. അവ പരിഹരിക്കുന്നതിനായി ഇതാണ് ന്യായവും നീതിയുക്തവുമായ കാര്യം, എന്ന് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.
തുടര്‍ച്ചയായ പതിമൂന്നാം രാത്രിയും ആക്രമണം
ഇറാനെതിരായ ആക്രമണം തുടര്‍ച്ചയായ പതിമൂന്നാം രാത്രിയിലും നടത്തുന്നതായി യുഎസ് സൈന്യം. വൈകിട്ട് 6.45 ഓടെ ഇറാനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യുഎസ് സൈന്യം ആക്രമണം ആരംഭിച്ചു. ഇറാന്റെ വാണിജ്യ ഷിപ്പിങുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ കുറയ്ക്കാനും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം തിരിച്ചുപിടിക്കാനുമാണ് യുഎസ് സൈന്യം ആക്രമണം വഴി ലക്ഷ്യമിടുന്നത്.
ഇറാന്റെ തെക്കന്‍ നഗരമായ അഹ്വാസില്‍ ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഫാര്‍സ,് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണോ എന്ന കാര്യം വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇറാനിലെ ഖേഷ്വം ദ്വീപിന് സമീപവും സ്‌ഫോടന ശബ്ദം ഉണ്ടായി. ഖേഷ്വം ദ്വീപിലെ മോസാന്‍ ഗ്രാമത്തിന് സമീപം രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നാണ് വിവരം. ബന്ദര്‍ അബ്ബാസിലും സ്‌ഫോടനം ഉണ്ടായിട്ടുണ്ട്.
ഇറാന് ദുരുദ്ദേശങ്ങളുണ്ടെന്ന് ട്രംപ്
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ അതിശക്തമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അതിനെതിരെ പ്രതികരിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഒന്നും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവര്‍ക്ക് ചില ദുരുദ്ദേശങ്ങളുണ്ട്, എന്നാല്‍ അവരെ ആണവായുധം കൈവശം വെക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ട്രംപ് പറഞ്ഞു.
വ്യാപാര അടയ്ക്കുമെന്ന് ഹൂതികള്‍
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിന് പിന്നാലെ മറ്റൊരു പ്രധാന വ്യാപാര പാത അടയ്ക്കുമെന്ന ഭീഷണിയുമായി ഹൂതികള്‍. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ ബദല്‍ മാര്‍ഗമാണ് ഹൂതികള്‍ അടയ്ക്കാന്‍ പോകുന്നത്. കപ്പലുകള്‍ക്കെതിരായ ആക്രമണം തുടര്‍ന്നാല്‍ ഹൂതികള്‍ക്ക് വലിയ ശിക്ഷ നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
English Summary
US President Donald Trump said Iranian funds could be used to cover future damages caused by the conflict. Meanwhile, the United States launched a fresh wave of military strikes, further escalating tensions with Iran. The latest developments have intensified concerns over security and stability in the Middle East. Officials are closely monitoring the rapidly evolving situation.