Racial Discrimination: ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം; ഒടുവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം
Racial Discrimination Related to Indian Food: സർവകലാശാലയിൽ പൊതുവായി സ്ഥാപിച്ചിരിക്കുന്ന മൈക്രോവേവിൽ ഇന്ത്യൻ ഭക്ഷണമായ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ ഒരു സ്റ്റാഫംഗം എതിർക്കുകയായിരുന്നു.

Aditya Prakash And His Partner Urmi Bhattacheryya
വാഷിങ്ടൺ: ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരമായി 1.8 കോടി രൂപ ലഭിച്ചു. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാ ഡോ ബൗൾഡറിലെ പിഎച്ച്ഡി വിദ്യാർഥികളായ ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ എന്നിവർക്കാണ് സിവിൽ റൈറ്റ്സ് സെറ്റിൽമെൻ്റ് ആയി ഈ തുക ലഭിച്ചത്.
സർവകലാശാലയിൽ പൊതുവായി സ്ഥാപിച്ചിരിക്കുന്ന മൈക്രോവേവിൽ ഇന്ത്യൻ ഭക്ഷണമായ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ ഒരു സ്റ്റാഫംഗം എതിർക്കുകയായിരുന്നു. എന്നാൽ താൻ കഴിക്കുന്ന ഭക്ഷണം ചൂടാക്കിയതാണ് എന്നും ഇത് എല്ലാവർക്കുമുള്ള സൗകര്യമാണ് എന്നും പ്രകാശ് തിരിച്ചുപറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ തങ്ങൾക്ക് നേരെ വംശീയമായ വേർതിരിവും അധിക്ഷേപവുമുണ്ടായി എന്നാണ് ദമ്പതികൾ പറയുന്നത്. അധികൃതർ തങ്ങളെ വേട്ടയാടി എന്നും ആദിത്യ പ്രകാശിനെ പിന്തുണച്ചതിന് വിശദീകരണമില്ലാതെ തൻ്റെ ടീച്ചിങ് അസിസ്റ്റൻ്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതായി ഊർമി ഭട്ടാചാര്യ പറഞ്ഞു.
സംഭവത്തെ തുടർന്ന് സർവകലാശാലയിൽ തങ്ങൾ വേട്ടയാടപ്പെട്ടതായി ഇരുവരും അവകാശപ്പെട്ടു. ഇതിനു പരിഹാരമായാണ് ഈ തുക അനുവദിച്ചത്. 2023ലാണ് സംഭവം. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാനും സംഭവത്തെ തുടർന്ന് തടഞ്ഞുവച്ചിരിക്കുന്ന മാസ്റ്റേഴ്സ് ബിരുദങ്ങൾ നൽകാനും സർവകലാശാല സമ്മതിച്ചു. എന്നാൽ, യൂണിവേഴ്സിറ്റിയിൽ ഭാവിയിൽ പ്രവേശനം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഇരുവർക്കും വിലക്കുണ്ട്.